ജിദ്ദ: വിമാന യാത്രക്കിടയിൽ സൗദി അറേബ്യൻ എയർലൈനായ സൗദിയയുടെ കാബിൻ മാനേജർ മരിച്ചു. മൊഹ്സിൻ ബിൻ സഈദ് അൽസഹ്രാനി ആണ് മരിച്ചത്. യാത്രക്കിടയിൽ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ജിദ്ദയിൽ നിന്നും ലണ്ടനിലേക്ക് പോയ SV119 വിമാനത്തിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. യാത്രക്കിടയിൽ കാബിൻ മാനേജർക്ക് ഹൃദയാഘാതമുണ്ടായി മരണപ്പെട്ടതായി എയർലൈൻ കമ്പനി തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇതേത്തുടർന്ന് വിമാനം അടിയന്തിരമായി കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
കാബിൻ മാനേജർക്ക് ഹൃദയാഘാതമുണ്ടായ ഉടനെ സഹ പൈലറ്റ് അടിയന്തിര ലാൻഡിങ്ങിനായി കെയ്റോ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. അവിടെ വെച്ചാണ് അൽസഹ്രാനിയുടെ മരണം സ്ഥിരീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായ സമയത്തു തന്നെ വിമാനത്തിലുള്ള മറ്റ് ജീവനക്കാരും യാത്ര ചെയ്തവരിലുള്ള മെഡിക്കൽ പ്രൊഫഷണലുകളും ചേർന്ന് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. സൗദി എയർലൈൻസിന്റെ മുതിർന്ന കാബിൻ ക്രൂ ഉദ്യോഗസ്ഥനായിരുന്നു അൽ സഹ്രാനി.