ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ പരാമര്‍ശം.
‘സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്തു ചെയ്യുകയാണെന്നു സമൂഹ മാധ്യമങ്ങളിലെ ചിലരുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടു. അവരെയോര്‍ത്തു സഹതപിക്കുന്നു. ഇക്കാര്യത്തില്‍ കോടതിക്ക് എന്താണു ചെയ്യാനാകുക? റഷ്യന്‍ പ്രസിഡന്റിനോടു യുദ്ധം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാന്‍ എനിക്കു കഴിയുമോ? ‘- ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹര്‍ജിയില്‍ പിന്നീടു വാദം കേള്‍ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ആളുകള്‍ തണുത്തു വിറയ്ക്കുകയാണ്. അവരെ രക്ഷിച്ചേ മതിയാകൂ’ എന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം. അവരെ രക്ഷിക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, യുക്രെയ്‌നില്‍ റൊമാനിയന്‍ അതിര്‍ത്തിക്കു സമീപം കുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍നിന്നുള്ള ചില മെഡിക്കല്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു സഹായം നല്‍കാന്‍ അറ്റോര്‍ണി ജനറലിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. റഷ്യന്‍ അതിര്‍ത്തി വഴി ഇവരെ രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഖാര്‍ക്കീവ് വിടാനാകാതെ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ട്രെയിനുകളില്‍ ഇന്ത്യക്കാരെ കയറ്റാന്‍ തയാറാകുന്നില്ലെന്ന് പല വിദ്യാര്‍ഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ 7 മുതല്‍ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയാണെങ്കിലും ട്രെയിനില്‍ കയറാനാകുന്നില്ല. കൊടുംതണുപ്പും നഗരത്തിലെ സ്‌ഫോടനങ്ങളും കാരണം സമീപപ്രദേശങ്ങളിലേക്ക് നടന്നു പോകാനും കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.