ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. രാജീവ് വധക്കേസില്‍ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു പലരും പറഞ്ഞതനുസരിച്ച് ബോംബുണ്ടാക്കുന്നതിന് വേണ്ടിയുള്ള ബാറ്ററി പേരറിവാളന്‍ വാങ്ങി നല്‍കുകയായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്. പേരറിവാളന്‍ വധക്കേസില്‍ ഉള്‍പ്പെട്ടത് അറിഞ്ഞു കൊണ്ടല്ല എന്നുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി പുറത്തു വന്നിരുന്നു.
രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന 7 പ്രതികളേയും വിട്ടയക്കണമെന്ന ആവശ്യം കഴിഞ്ഞ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ ഗവര്‍ണറുടെ മുന്നില്‍ വെക്കുകയും ഗവര്‍ണര്‍ അത് തള്ളുകയും ചെയ്തിരുന്നു. പിന്നീട് ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ഈ ഏഴ് പേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഗവര്‍ണര്‍ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പേരറിവാളന് ജാമ്യം ലഭിക്കുന്നതോടെ നളിനി ഉള്‍പ്പെടെയുള്ള മറ്റു പ്രതികളും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.