ആലുവ : സ്കൂള്‍ ബസിന്‍റെ എമര്‍ജന്‍സി വാതില്‍ ശരിയായി ഉറപ്പിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി റോഡില്‍ തെറിച്ചുവീണ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. എമര്‍ജന്‍സി വാതിലിലെ സുരക്ഷ ഗ്ലാസ് ഷീല്‍ഡ് നഷ്ടപ്പെട്ടിരുന്നതായാണ് പരിശോധനയില്‍ കണ്ടെത്തി.
പേങ്ങാട്ടുശ്ശേരി അല്‍-ഹിന്ദ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനി, ചുണങ്ങംവേലി ആശാരിക്കുടി വീട്ടില്‍ എ.എം. യൂസുഫിന്‍റെ മകള്‍ ഹൈസ ഫാത്തിമയാണ് സ്കൂള്‍ ബസില്‍നിന്ന് പുറത്തേക്കുവീണത്. ഈ സമയം എത്തിയ മറ്റൊരു ബസ് പെട്ടെന്നു നിര്‍ത്തിയതിനാല്‍ അപകടമൊഴിവാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
42 സീറ്റുള്ള ബസില്‍ 61കുട്ടികളെയുമായി വീട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടമെന്ന് ആലുവ ജോ. ആര്‍.ടി.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എമര്‍ജന്‍സി വാതിലിനോട് ചേര്‍ന്നുനിന്ന രണ്ടുപേരില്‍ ഒരാളാണ് തുറന്ന വാതിലിലൂടെ താഴേക്ക് വീണത്.
പരിശോധനയില്‍ വാഹന നിര്‍മാണ കമ്പനി എമര്‍ജന്‍സി വാതിലിന്‍റെ ലോക്കിന്‍റെ മുന്നില്‍ ഘടിപ്പിച്ച സുരക്ഷ ഗ്ലാസ് ഷീല്‍ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തി. ഈ സംവിധാനം പരിപാലിക്കുന്നതില്‍ ഡ്രൈവര്‍ക്കും സ്കൂള്‍ മാനേജറിനും വീഴ്ച പറ്റിയെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ബസ് ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കാനും നടപടി സ്വീകരിച്ചു.
പരിശോധനയില്‍ സ്കൂളിന്‍റെ ഒൻപത് വാഹനങ്ങളില്‍ ആറെണ്ണത്തിലും അപാകത കണ്ടെത്തി. എമര്‍ജന്‍സി എക്സിറ്റ് ലോക്കിന്‍റെ സുരക്ഷ ഗ്ലാസ് ഷീല്‍ഡ് സംവിധാനം കുറ്റമറ്റ രീതിയില്‍ ഘടിപ്പിച്ച ശേഷം മാത്രമേ സര്‍വിസ് നടത്താവൂ എന്ന കര്‍ശന നിര്‍ദേശവും മോട്ടോര്‍ വാഹനവകുപ്പ് നല്‍കി.