കൊച്ചി : സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം ഇനിമുതല്‍ ഗ്രാൻഡ് ആകും. നിലവില്‍ ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്ന തുക സർക്കാർ വർധിപ്പിച്ചു. കുട്ടികള്‍ക്ക് നല്‍കി വരുന്ന പാലിനും മുട്ടയ്‌ക്കും പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. നിലവില്‍ നല്‍കി വരുന്ന സ്ലാബ് രീതി മാറ്റി ഒരു കുട്ടിക്ക് ഒരു നേരത്തെ ഭക്ഷണത്തിന് 6 രൂപ നല്‍കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കുട്ടികള്‍ക്ക് നല്‍കിവരുന്ന പാലിനും മുട്ടയ്‌ക്കും ആയി 232.14 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് നല്‍കുന്ന ഫണ്ടിന് പുറമെയാണ് ഇത്. അതായത് ഇനിമുതല്‍ പ്രൈമറി സ്കൂളിലെ വിദ്യാർഥിക്ക് ഒരു ദിവസം 10.32 രൂപയും അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർഥിക്ക് 12.49 രൂപയും ലഭിക്കും. ഇത് നടപ്പിലാക്കുന്നതോടെ സംസ്ഥാനം സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന് ഏറ്റവും ഉയർന്ന തുക നല്‍കുന്ന സംസ്ഥാനം എന്ന നേട്ടവും സ്വന്തമാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ പ്രൈമറി സ്കൂളുകളില്‍ ആദ്യ 150 കുട്ടികള്‍ക്ക് എട്ടു രൂപ വീതവും 151 മുതല്‍ 500 വരെയുള്ള കുട്ടികള്‍ക്ക് 7 രൂപ തോതിലും 500 മുകളിലുള്ളവർക്ക് 6 രൂപ വീതവുമാണ് മുട്ടയുടെയും പാലിന്റെയും തുകയടക്കം നല്‍കിയിരുന്നത്. പുതിയ രീതി അനുസരിച്ച് മുഴുവൻ കുട്ടികള്‍ക്കും ആറു രൂപയ്‌ക്ക് പുറമേ മുട്ടയുടെയും പാലിന്റെയും തുക കൂടി ഇനി ലഭ്യമാകും.
ഒരു ലിറ്റർ പാലിന് 52 രൂപയും മുട്ടയ്‌ക്ക് 6 രൂപയും കണക്കാക്കിയാണ് സ്കൂളുകള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം മുട്ടയും ഒരു ദിവസം പാലും നല്‍കുന്നതിന് സർക്കാർ പണം നല്‍കുന്നത്. പ്രൈമറി വിഭാഗത്തില്‍ 5.45 രൂപ വീതം ഒരു കുട്ടിക്ക് നല്‍കാനാണ് കേന്ദ്ര നിർദ്ദേശം.അപ്പർ പ്രൈമറി വിഭാഗത്തിലുള്ളവർക്ക് കേന്ദ്ര നിർദ്ദേശപ്രകാരം 8.17 രൂപ നിലവില്‍ നല്‍കുന്ന സർക്കാർ മുട്ടയുടെയും പാലിന്റെയും തുക കൂടി ഇനിമുതല്‍ നല്‍കും.