നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ മനുഷ്യ ശരീരത്തില്‍ ദഹന പ്രക്രിയയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ് പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രലോകത്തിന്റെ വരവ്. ലോകത്തെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ദഹന പ്രക്രിയയ്ക്ക് കോട്ടം തട്ടാതെ ഇഷ്ട ഭക്ഷണം ആസ്വദിച്ച് കഴിക്കാനായി കൃത്രിമ നാരുകളാണ് ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മലയാളികളുടെ സ്വന്തം പൊറോട്ട മുതല്‍ ആധുനിക കാലത്തെ ദോശയായ പിസ വരെ നീളുന്നു നാരുകള്‍ ഇല്ലാത്ത ഭക്ഷങ്ങളുടെ പട്ടികയില്‍. എളുപ്പം ദഹിക്കാത്ത അവസ്ഥ വരുമ്പോഴാണ് പലരും തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാന്‍ സന്നദ്ധരാകുന്നത്.
ഇതിനെല്ലാം പോം വഴിയായാണ് ഓസ്‌ട്രേലിയയിലെ ആര്‍ എം ഐടി സര്‍വകലാശാലയിലെ ഗവേഷകര്‍ ഫൈബര്‍ എക്‌സ് എന്ന കൃത്രിമ നാരുകള്‍ കണ്ടുപിടിച്ചത്. നാരു കുറഞ്ഞ ഏതൊരു ഭക്ഷണങ്ങളിലും ഫൈബര്‍എക്സിനെ ഉള്‍പ്പെടുത്താനാവും. ഭക്ഷണത്തിന്റെ രുചിയിലും മണത്തിലുമൊന്നും ഫൈബര്‍എക്സ് യാതൊരു മാറ്റങ്ങളും വരുത്തുന്നില്ല. ഇതോടെ ഫലത്തില്‍ നാരു കുറഞ്ഞ ഭക്ഷണങ്ങളെ അതേ രുചിയില്‍ എളുപ്പം ദഹിക്കാവുന്ന ഭക്ഷണമാക്കി മാറ്റും ഫൈബര്‍എക്സ് എന്ന് ഗവേഷകര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാരു കുറവുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും അതുവഴി പ്രമേഹ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാറുണ്ട്. ഈയൊരു പ്രശ്നവും ഫൈബര്‍എക്സിന് പരിഹരിക്കാനാവും. ഒരിക്കല്‍ ഫൈബര്‍എക്സ് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും അറിയാനാവില്ല.
പരീക്ഷണങ്ങളില്‍ നിന്നും ഫൈബര്‍എക്സിന്റെ സഹായത്തില്‍ ഭക്ഷണങ്ങളില്‍ രുചിയോ മണമോ വ്യത്യാസം വരാതെ 20 ശതമാനം വരെ നാരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇത് നിര്‍ണായകമായ രീതിയില്‍ പോഷകം വര്‍ധിപ്പിക്കാന്‍ പോന്ന അളവാണ്. അന്നജത്തിന്റെ 80 ശതമാനം വരെ ദഹിക്കാവുന്ന നാരുകളാക്കി മാറ്റാന്‍ ഗവേഷകര്‍ക്കായി. പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധിയായ അസുഖങ്ങളും അകറ്റി നിര്‍ത്താന്‍ നാരുകള്‍ കൂടുതലുള്ള ഭക്ഷണം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.