എം.എൽ.എമാർ സിദ്ധരാമയ്യയ്ക്കൊപ്പം; പാർട്ടിയെ പിടിച്ചു നിർത്തിയ ശിവകുമാറിനെ കൈവിടാനുമാകുന്നില്ല ; കർണ്ണാടക കോൺഗ്രസിൽ പ്രതിസന്ധി ശക്തം 

ബംഗളൂരു: എംഎല്‍എയുമാരുടെ എണ്ണത്തിലെ പിന്തുണയില്‍ സിദ്ധരാമയ്യയാണ് മുന്നിലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തില്‍ നിന്നും പിടിവിടാതെ ഡി കെ ശിവകുമാര്‍. താന്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് ഡികെയും അദ്ദേഹത്തിന്റെ അനുകൂലികളും രംഗത്തുവന്നതോടെ അതൊന്നും തള്ളാന്‍ കഴിയാതെ അസാധാരണ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും.

Advertisements

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലി മുറുമ്ബോള്‍ സിദ്ധരാമയ്യയുടെ രാഷ്ട്രീയ അസ്ഥിത്വത്തെ അടക്കം ചോദ്യം ചെയ്യുന്നുണ്ട് ഡികെ അനുകൂലികള്‍. 135 സീറ്റെന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത് ഡികെയുടെ തന്ത്രങ്ങള്‍ തന്നെയാണെന്നതിനെ ആരും തള്ളിപ്പറയുന്നില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ണായക റോള്‍ തന്നെയാണ് ഉള്ളത്. കൂടുതല്‍ എംഎ‍ല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതുവികാരം ശിവകുമാറിനൊപ്പമാണ്. പാര്‍ട്ടിയിലൂടെ വളര്‍ന്നുവന്ന നേതാവാണ് 61കാരനായ ശിവകുമാര്‍. ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ ആകെ ഹീറോപരിവേഷവുമുണ്ട്. ബിജെപിയെ ചങ്കൂറ്റത്തോടെ നേരിട്ടു തോല്‍പ്പിച്ച നേതാവെന്ന ഇമേജിലാണ് ഡികെ ഇപ്പോള്‍. അങ്ങനെയുള്ള ആളെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യം ശക്തമാണ് താനും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മുന്‍ ജെ.ഡി-എസ് നേതാവായ സിദ്ധരാമയ്യ 2005ല്‍ കോണ്‍ഗ്രസിലെത്തിയ ശേഷം അദ്ദേഹത്തിന് വേണ്ടതെല്ലാം പാര്‍ട്ടി നല്‍കിയെന്നാണ് ഡികെ അനുകൂലികളുടെ വാദം. അഞ്ചു വര്‍ഷം മുഖ്യമന്ത്രി സ്ഥാനവും 10 വര്‍ഷം പ്രതിപക്ഷ നേതാവ് പദവിയും വഹിച്ചതായി ശിവകുമാറിനെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 75 വയസു പ്രായമുള്ള സിദ്ധരാമയ്യയാണ് മത്സരത്തില്‍ നിന്നും പിന്മാറേണ്ടതെന്നാണ് ശിവകുമാര്‍ അനുകൂലികള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വൊക്കലിഗ മഠാധിപതികളുടെ പിന്തുണയും ശിവകുമാറിനുണ്ട്. ലിംഗാത്തിലെ പ്രമുഖ നേതാക്കളെ മറുകണ്ടം ചാടിച്ചതിലും ശിവകുമാറിന് നിര്‍ണായക റോളുണ്ടായിരുന്നു.

ശിവകുമാര്‍ മുന്നോട്ടുവെച്ച കാര്യങ്ങളെ തള്ളാന്‍ ഹൈക്കമാന്‍ഡിനും സാധിക്കുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പിന്നോട്ടില്ലെന്ന് അദ്ദേഹം നിലപാട് സ്വീകരിക്കുന്നത്. പല ഘട്ടങ്ങളിലായി കോണ്‍ഗ്രസിനെ സംരക്ഷിച്ചതിന്റെ പേരിലാണ് കേന്ദ്രസര്‍ക്കാറില്‍നിന്ന് താന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് എന്നാണ് ഡികെ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിലെ എംഎല്‍എമാരെ സംരക്ഷിച്ചപ്പോള്‍ മുതലാണ് ബിജെപിയുടെ കണ്ണില്‍ കരടായത്. പിന്നാലെ സിബിഐയും ഇഡിയുമെല്ലാം വേട്ടയാടിയെന്നും അദ്ദേഹം ചൂണ്ടിക്കട്ടുന്നു. ഇതിനെല്ലാം ഇടയിലാണ് കെപിസിസി അധ്യക്ഷനായ ശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്തി വന്‍ വിജയത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ തനിക്കൊപ്പമുണ്ടെന്നും ആവശ്യമെങ്കില്‍ പ്രതിഷേധത്തിന്റെ ശക്തി കാണിച്ചുകൊടുക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കിയത് പോരാടാനുള്ള സൂചന തന്നെയായി കരുതുന്നു. ഹൈകമാന്‍ഡിന് വ്യക്തമായ സന്ദേശം നല്‍കിയാണ് ശിവകുമാര്‍ പ്രതികരിച്ചത്.ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ശിവകുമാറും മുഖ്യമന്ത്രിയാവുക എന്നതായിരുന്നു ഞായറാഴ്ച രാത്രി നടന്ന നിയമസഭ കക്ഷിയോഗത്തില്‍ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഫോര്‍മുല. എന്നാല്‍, നിര്‍ദ്ദേശം തള്ളിയ ശിവകുമാര്‍ മുഖ്യമന്ത്രിസ്ഥാനം തനിക്ക് വേണമെന്ന നിലപാടിലുറച്ചു.

”ഞാന്‍ ഒറ്റയാനാണ്. ധൈര്യത്തോടെയാണ് പാര്‍ട്ടി ചുമതല ഏറ്റെടുത്തത്. പലരും തൂക്കുസഭ പ്രവചിച്ചു. എന്നാല്‍, ഞാന്‍ കര്‍ണാടകയെ കോണ്‍ഗ്രസിന് നല്‍കി. അതാണ് എന്റെ ശക്തി. അതാര്‍ക്കും തടയാനാവില്ല. അഞ്ചു വര്‍ഷം എന്താണ് നടന്നതെന്ന് ഞാന്‍ പറയുന്നില്ല. എംഎ‍ല്‍എമാരുടെ പിന്തുണ ഞാന്‍ നോക്കുന്നില്ല. ഞാനെന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്കറിയാം. ഞാന്‍ വ്യക്തിപൂജ നടത്തുന്നയാളല്ല. പാര്‍ട്ടിയാണ് എനിക്ക് ആരാധന. പാര്‍ട്ടി അധ്യക്ഷന്‍ എനിക്കൊപ്പമുണ്ട്. ആവശ്യമെങ്കില്‍ പ്രതിഷേധത്തിന്റെ ശക്തി കാണിച്ചുകൊടുക്കും.’ എന്നാണ് ശിവകുമാറിന്റെ വാക്കുകള്‍. ഇപ്പോഴത്തെ നിലയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനയാണ് ഇന്നലെ ശിവകുമാറിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്.

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും അവകാശവാദമുന്നയിച്ചതോടെ കരുതലോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മധ്യപ്രദേശില്‍നിന്നും രാജസ്ഥാനില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള നീക്കങ്ങളാണു നേതൃത്വം നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി മൂലം 2020 ല്‍ കോണ്‍ഗ്രസിനു മധ്യപ്രദേശില്‍ ഭരണം നഷ്ടപ്പെടുകയായിരുന്നു. ഏതാനും എംഎ‍ല്‍എമാര്‍ക്കെപ്പം ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യ നിലവില്‍ കേന്ദ്രമന്ത്രിയാണ്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ െപെലറ്റും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുകയാണ്. പഞ്ചാബിലെ സമാനമായ പോരുമൂലം കോണ്‍ഗ്രസിനു നഷ്ടമായത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് എന്ന പ്രമുഖ നേതാവിനെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബ് സിങ് ബിജെപിയില്‍ ചേര്‍ന്നു. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള കലഹം അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടിയുണ്ടാകുമെന്നു െഹെക്കമാന്‍ഡിന് ആശങ്കയുണ്ട്.

രണ്ടര വര്‍ഷം വീതം അധികാരം പങ്കിടുന്നതിനുള്ള സാധ്യതയാണു നേതൃത്വം പരിഗണിക്കുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യ, പിന്നീട് ശിവകുമാര്‍. സിദ്ധരാമയയ്യയുടെ പ്രായം, മികച്ച പ്രതിച്ഛായ എന്നിവ കണക്കാക്കി അദ്ദേഹത്തിന് ആദ്യ അവസരം നല്‍കണമെന്നാണു ഹൈക്കമാന്‍ഡിന്റെ നിലപാട്. അതേസമയം, കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടര്‍ എന്നറിയപ്പെടുന്ന ശിവകുമാറിനെ മാറ്റിനിര്‍ത്താനാകില്ല.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ മാത്രമല്ല, ദക്ഷിണമേഖലയാകെ ശിവകുമാറിന്റെ സേവനം ഗുണംചെയ്യുമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേ സമയം, ശിവകുമാറിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കേസുകളും തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയുമുണ്ട്. അതേസമം ഹൈക്കമാന്‍ഡ് ക്ഷണിച്ചിട്ടും എത്താതിരുന്ന ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തിയേക്കും. 9.30ന് ബെംഗളുരുവില്‍ നിന്നുള്ള വിമാനത്തില്‍ പുറപ്പെടുമെന്നാണ് വിവരം.

കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

സിദ്ധരാമയ്യയുടെ പ്രായവും നിയമസഭാകക്ഷിയിലെ പിന്തുണയും കണക്കിലെടുത്ത്, അദ്ദേഹത്തിനു തന്നെയാകും സര്‍ക്കാരിനെ നയിക്കാന്‍ ഹൈക്കമാന്‍ഡ് അവസരം നല്‍കുകയെന്നാണു സൂചന. ശിവകുമാറിനെതിരേ കേന്ദ്ര ഏജന്‍സികളുടെ കേസ് നിലനില്‍ക്കുന്നതും പ്രതികൂല ഘടകമാണ്. ഉപമുഖ്യമന്ത്രിപദം, മുഖ്യമന്ത്രി പദവിയില്‍ രണ്ടാമൂഴം തുടങ്ങിയ കാര്യങ്ങളില്‍ സമവായത്തിലെത്തിയാല്‍ ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയുടെ പേര് പ്രഖ്യാപിച്ചേക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.