ആർഎസ്എസ് നുണക്കഥകൾക്ക് വാർത്താക്കുറിപ്പ് ഇറക്കുന്ന ഏജൻസിയായി ഇഡി അധഃപതിക്കരുത്: പോപുലർ ഫ്രണ്ട്

മുണ്ടക്കയം: ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്നും പടച്ചുവിടുന്ന നുണകൾ ഔദ്യോഗികമായി പറയുന്ന ഏജൻസിയായി ഇഡി മാറിയെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷ്റഫിന്റെയും മറ്റു രണ്ടു പ്രവർത്തകരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് ഇഡി നൽകിയ വാർത്താക്കുറിപ്പിൽ വസ്തുതാവിരുദ്ധവും സംഘടനയെ പൊതുജനമധ്യത്തിൽ അപമാനിക്കുന്നതുമായ കുപ്രചരണങ്ങളാണ് നടത്തിയിരിക്കുന്നത്.

Advertisements

ഇല്ലാത്ത കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് 2018 മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോപുലർ ഫ്രണ്ടിനെതിരെ വിവിധ തരത്തിലുള്ള അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ, കുറ്റകൃത്യങ്ങളോ കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ആർഎസ്എസും ബിജെപിയും നയിക്കുന്ന ഭരണകൂടത്തിന്റെ താൽപര്യം മുൻനിർത്തി ഇഡി നിരന്തരം സംഘടനയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം നടന്ന റെയ്ഡിലും ഇഡിക്ക് സംഘടനയ്‌ക്കെതിരായ എന്തെങ്കിലും ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആർഎസ്എസിന്റെ കാര്യാലയത്തിൽ നിന്നും പടച്ചുവിടുന്ന നുണക്കഥകൾ ഇഡിയുടെ ലെറ്റർപാഡിലൂടെ ഔദ്യോഗികമായി പുറത്തുവിടുകയാണ് ഉണ്ടായത്.

റെയ്ഡ് നടത്തിയ ശേഷം ബന്ധപ്പെട്ട വ്യക്തികൾക്ക് അവിടെനിന്നും കണ്ടെത്തിയ കാര്യങ്ങളെ സംബന്ധിച്ച് രേഖാമൂലം എഴുതി നൽകിയിട്ടുണ്ട്. അസ്വാഭാവികമായതോ ഏതെങ്കിലും നിലക്കുള്ള ക്രമക്കേടുകളോ കണ്ടെത്താനായില്ല എന്ന് അവർ തന്നെ നൽകിയ രേഖയിൽ പറയുന്നുണ്ട്. എന്നാൽ പരിശോധന കഴിഞ്ഞ് നാലാം ദിവസം ഇഡിയുടേതായി വന്ന വാർത്താക്കുറിപ്പ് കൃത്യമായ തിരക്കഥയുടെ ഭാഗമാണ്.

പോപുലർ ഫ്രണ്ട് ബാർ ഹോട്ടൽ നടത്തുന്നുണ്ട്, കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്, വിദേശപണം കൈകാര്യം ചെയ്യുന്നുണ്ട് തുടങ്ങിയ വ്യാജങ്ങളാണ് ഇഡി പടച്ചു വിട്ടിട്ടുള്ളത്. ജുഡീഷ്യൽ അധികാരം ഉൾപ്പടെയുള്ള അന്വേഷണ ഏജൻസി മഞ്ഞപ്പത്രങ്ങളെ പോലും നാണിപ്പിക്കുന്ന കെട്ടുകഥകളാണ് പോപുലർ ഫ്രണ്ടിനെതിരെ ഉണയിച്ചിട്ടുള്ളത്. ഈ ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ ഇഡിക്ക് തന്നെയാണ് ബാധ്യത. സർക്കാരിന്റെ ഔദ്യോഗിക അന്വേഷണ ഏജൻസി എന്ന നിലക്ക് ഒരു ആരോപണം ഉന്നയിക്കുമ്പോൾ സാമാന്യ മര്യാദ പുലർത്താൻ ഇഡിക്ക് ബാധ്യതയുണ്ടായിരുന്നു.

അന്ധമായ പോപുലർ ഫ്രണ്ട് വിരോധം മാത്രമാണ് ഇഡിയുടെ ഈ ആരോപണങ്ങൾക്ക് പിന്നിലുള്ളത്. പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ നിരന്തരം തടസ്സപ്പെടുത്തുക എന്ന ഫാഷിസ്റ്റ്-ഭരണകൂട അജണ്ടയാണ് ഇതിന് പിറകിലുള്ളത്. ഈ നടപടി സംഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെയാകെ ദുർബലപ്പെടുത്തുന്നതുമാണ്. സർക്കാർ ഏജൻസികളിലുള്ള പൗരൻമാരുടെ വിശ്വാസം തകർക്കാൻ ഇത്തരത്തിലുള്ള നീക്കങ്ങൾ കാരണമാവും.
രാജ്യം ഭരിക്കുന്നത് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ ആണെങ്കിലും ഏജൻസികൾ പൂർണമായും ഹിന്ദുത്വ വർഗീയതയ്ക്ക് കീഴ്‌പ്പെട്ടുവെന്ന് രാജ്യത്തെ പൗരൻമാർ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ നടത്തുന്നത്.

സംഘടനയ്ക്കെതിരേ ഏതാനും വർഷങ്ങളായി ഇഡി നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ നടപടികളെയും പകപോക്കലിനെയും പോപുലർ ഫ്രണ്ട് ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് കോടതി കേസ് പരിഗണിച്ചപ്പോൾ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡി നാലാഴ്ചത്തെ സമയം തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയുടെ റെയ്ഡ് ഭീകരത അരങ്ങേറിയത്. സംഘപരിവാർ നേതാക്കളുടെയും നേതാക്കളുടെ ബിനാമികളുടേതും ഉൾപ്പടെയുള്ള
വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്.

കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്ലിം ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്. പല മുസ്ലിംകളെയും സംഘപരിവാർ ആലയിലേക്ക് എഴുന്നള്ളിക്കുന്നത് ഇത്തരം ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ഇഡിയുടെ ഏകപക്ഷീയമായ പകപോക്കൽ നടപടികൾ.

അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് ഇഡി ഉദ്യോഗസ്ഥർ വീടുകളിൽ കയറിയത്. പ്രായമായ കുടുംബാംഗങ്ങളെ അത് പ്രയാസത്തിലും ഭീതിയിലുമാഴ്ത്തിയിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് ഇഡി സംഘം അതിക്രമിച്ച് കയറിയത്. ഈഡിയുടെ ഈ നിയമ ലംഘനങ്ങൾ മറച്ചുവെക്കാനാണ് ഇപ്പോൾ നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണ്. തങ്ങളുടെ അന്വേഷണത്തിൽ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയെങ്കിലും അപസർപ്പക കഥകൾ മെനഞ്ഞ് പ്രസ്താവന നടത്തുകയല്ല ഇഡി ചെയ്യേണ്ടത്. അത് അന്വേഷിച്ച് കണ്ടെത്തുകയാണ്. ക്രമക്കേടുകൾ ഇല്ലെന്ന് ഉറപ്പുള്ളതിനാലാണ് വ്യാജങ്ങൾ ചമച്ച് സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്.

ജനങ്ങൾക്കിടയിൽ പോപുലർ ഫ്രണ്ടിന് വർധിച്ചുവരുന്ന ജനപ്രീതിയെ അട്ടിമറിക്കാനുള്ള തീവ്രശ്രമത്തിൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഭരണകൂടം ദുരുപയോഗം ചെയ്യുകയാണ്. ആർഎസ്എസിന്റെ ദേശവിരുദ്ധതക്കും ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ സംഘടന ഉയർത്തിപ്പിടിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഏകപക്ഷീയമായ ഈ വേട്ടയാടലുകൾക്ക് കാരണം. ഇഡിയുടെയും മറ്റ് ഏജൻസികളുടെയും നീക്കങ്ങൾക്കെതിരെ ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങൾ തുടരും. ഈ വേട്ടയാടലുകൾ കൊണ്ട് പൗരാവകാശങ്ങൾക്കും രാജ്യത്തിന്റെ നിലനിൽപ്പിനും വേണ്ടി പോപുലർ ഫ്രണ്ട് നടത്തുന്ന ശ്രമങ്ങളിൽ നിന്നും പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാർ, സി എ റഊഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles