തിരുവനന്തപുരം: പോലിസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച ദലിത് യുവതി ബിന്ദുവിന്റെ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാവാതിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസും വരേണ്യ ബോധത്തിന്റെയും വംശീയ മുന്‍വിധിയുടെയും നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. കേരളത്തിലെ പോലീസില്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അധസ്ഥിത ജനതയോടുള്ള അധമബോധത്തിന്റെ പിടിയിലായിരിക്കുന്നെന്ന് സംഭവം വ്യക്തമാക്കുന്നു. പോലിസ് അതിക്രമത്തെ കുറിച്ച് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി നോക്കാതെ മേശപ്പുറത്തേക്ക് ഇട്ടെന്ന ബിന്ദുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. മാല നഷ്ടപ്പെട്ടെന്നു വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പോലിസ് വിളിപ്പിക്കുമെന്നും പരാതികളുണ്ടെങ്കില്‍ കോടതിയില്‍ പോയ്ക്കോളൂ എന്നുമായിരുന്നു പി ശശിയുടെ പ്രതികരണമെന്ന് യുവതി പറയുന്നു. മാല മോഷണം ആരോപിച്ച് ജോലി ചെയ്യുന്ന വീട്ടുകാരുടെ പരാതിയില്‍ നിരപരാധിയായ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത് ദാഹജലം പോലും നല്‍കാതെ പോലീസ് ക്രൂരത കാട്ടുകയായിരുന്നു. അടുത്ത ദിവസം മാല കിട്ടിയെന്നു വീട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് യുവതിയെ വിട്ടയച്ചത്. യുവതി നിരപരാധിയാണെന്ന് വ്യക്തമായിട്ടും ഇനി കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്നു യുവതിയോട് ആക്രോശിക്കുകയും ചെയ്ത പോലീസിന്റെ മനോനില കേരളീയ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. നിയമവും നീതിയും നടപ്പാക്കേണ്ടവരും നിയമലംഘനത്തിനെതിരേ പൗരന് നീതിയും സുരക്ഷയും ഉറപ്പാക്കേണ്ടവരും ജാതി ബോധത്തിനും വംശീയ മുന്‍വിധികള്‍ക്കും അടിമപ്പെടുന്നത് ആശങ്കാജനകമാണ്. ഇതാണോ കേരളം മേനി നടിക്കുന്ന പുരോഗമനവും നവോഥാനവുമെന്ന് ജനങ്ങള്‍ ചോദിച്ചാല്‍ അതിശയോക്തിയില്ല. ദലിത് യുവതി നേരിട്ട ക്രൂരതയ്ക്കും മാനനഷ്ടത്തിനും കേവലം ഒരു എസ്‌ഐ യെ സസ്‌പെന്റ് ചെയ്തതുകൊണ്ടു മാത്രം പരിഹാരമാവില്ലെന്നും മഞ്ജുഷ മാവിലാടം വ്യക്തമാക്കി.
ദലിത് യുവതിയ്ക്കെതിരായ കള്ളക്കേസ്:മുഖ്യമന്ത്രിയുടെ ഓഫീസും വംശീയ മുന്‍വിധിയുടെ നിയന്ത്രണത്തില്‍- മഞ്ജുഷ മാവിലാടം
