തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. കെ ഇ ഇസ്മയിൽ, സി ദിവാകരൻ എന്നിവർ നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വാക്‌പോര് മായി രംഗത്തെത്തിയതോടെ കാനം അനുകൂലികളും മറു പ്രചാരണങ്ങളുമായി കളം നിറയുകയാണ്. ഇതിന്റെ ഭാഗമെന്നോണം സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും വരുമെന്ന് ഉറപ്പിക്കുന്ന കാനം അനുകൂലികൾ അദ്ദേഹത്തിന്റെ പേരിൽ സിനിമാ ട്രെയിലറുകളെ വെല്ലുന്ന തരത്തിൽ വീഡിയോകൾ പുറത്തിറക്കി.
സെക്രട്ടറിയായി രണ്ടു ടേം പൂർത്തിയാക്കുന്ന കാനം രാജേന്ദ്രനെ നായകനെ അവതരിപ്പിക്കുന്നതിനു തുല്യമായിട്ടാണ് വീഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇത്തരം വീഡിയോകൾ തയ്യാറാക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും മറുഭാഗം കുറ്റപ്പെടുത്തുന്നു. എന്തായാലും വീഡിയോകൾ പുറത്തുവന്നതിനു പിന്നാലെ ആയിരങ്ങളാണ് അവ കണ്ടത്. സിപിഐ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും എല്ലാം ചൂടപ്പംപോലെ പറക്കുകയാണ് കാനത്തിന് ട്രെയിലർ വീഡിയോകൾ ഇപ്പോൾ.