വടകര : ഓഗസ്റ്റ് ഒന്നിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും, ഉപവർഗ്ഗീകരണവും ഏർപ്പെടുത്തിയതിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രത്തിൻ്റെ നിയമനിർമ്മാണവും, തിടുക്കത്തിലുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കരുതെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ കെ.പി.എം.എസ് ഉൾപ്പെടുന്ന ദളിത്_ആദിവാസി സംയുക്ത സമിതി നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ ജനലക്ഷങ്ങൾ അണിനിരക്കുന്ന “പ്രതിഷേധ സാഗരത്തിൽ” തലയോലപറമ്പ് യൂണിയനിൽ നിന്നും 5000 പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന അസ്സിസ്റ്റൻ്റ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ പറഞ്ഞു. കെ.പി.എം.എസ് തലയോലപറമ്പ് യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടകര സൗത്ത് സാംസ്കാരിക നിലയത്തിൽ നടത്തിയ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വി.സി.ജയൻ, സി.എ.കേശവൻ, ജമീലഷാജു, കെ.കെ.സന്തോഷ്, മിനിസിബി തുടങ്ങിയവർ സംസാരിച്ചു.