ന്യൂഡൽഹി : കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ സി.പി.എമ്മിനെ ഉറപ്പിച്ചുനിര്‍ത്തിയ സീതാറാം യെച്ചൂരിയുടെ പിന്‍ഗാമി കേരളത്തില്‍നിന്നാണെങ്കില്‍ സഖ്യത്തില്‍ വിള്ളല്‍ വീണേക്കുമെന്ന് സൂചന.പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ അന്തിമമാകുക.
കേരളത്തില്‍നിന്നു മുതിര്‍ന്ന നേതാക്കളാരെങ്കിലും ജനറല്‍ സെക്രട്ടറി സ്‌ഥാനത്തു വന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന സി.പി.എമ്മിന് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി നില്‍ക്കേണ്ടിവരുന്ന സാഹചര്യം അണികളെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരും. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്‌ഥാനത്തായിരുന്നപ്പോള്‍ ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യാ സഖ്യത്തിനൊപ്പം നില്‍ക്കുന്നത് ന്യായീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. യെച്ചൂരി ഒരിക്കലും സംസ്‌ഥാന രാഷ്‌ട്രീയത്തിന്റെ വക്‌താവുമായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി സി.പി.എമ്മില്‍ വ്യക്‌തിപരമായി അടുപ്പമുള്ള നേതാവ് കൂടിയായിരുന്നു യെച്ചൂരി. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കേരളമൊഴികെയുള്ള സംസ്‌ഥാനങ്ങളില്‍ യെച്ചൂരി കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്‌തു. എന്നാല്‍, പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു സംസ്‌ഥാനത്തും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാതെ വിദേശപര്യടനത്തിന് തിരിക്കുകയായിരുന്നു. ഇത് പാര്‍ട്ടിക്കുള്ളിലും ഇന്ത്യാ സഖ്യത്തിലും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മാത്രമല്ല ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയും പിണറായിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് ആരാകണം ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കേണ്ടതെന്ന ആലോചനകള്‍ സി.പി.എമ്മില്‍ സജീവമാണ്. യെച്ചൂരിക്ക് പകരം നിലവിലെ പി.ബിയില്‍ ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കാനാണ് തീരുമാനം. പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതില്‍ പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാണ്. എഴുപത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ പി.ബിയില്‍ വേണ്ടന്ന നിലപാടാണ് പാര്‍ട്ടി പിന്തുടരുന്ന മാനദണ്ഡം. അങ്ങനെ വന്നാല്‍ കേരളത്തില്‍നിന്നുള്ള എം.എ. ബേബിക്ക് സാധ്യതയേറും. പിണറായി വിജയന്റെ പിന്തുണ കൂടി ലഭിച്ചാല്‍ എം.എ. ബേബി ജനറല്‍ സെക്രട്ടറിയാകുമെന്ന് ഉറപ്പാണ്.