കൊല്‍ക്കത്ത : ‘സീത’ എന്നു പേരുള്ള പെണ്‍സിംഹത്തെ ‘അക്ബർ’ എന്ന ആണ്‍സിംഹത്തിനൊപ്പം പാർപ്പിക്കാനുള്ള പശ്ചിമബംഗാള്‍ വനംവകുപ്പിന്റെ നീക്കത്തിനെതിരേ കോടതിയെ സമീപിച്ച് വി.എച്ച്.പി.കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പൈഗുരി സർക്യൂട്ട് ബെഞ്ചിന് മുൻപാകെയാണ് വി.എച്ച്.പി. പശ്ചിമബംഗാള്‍ ഘടകം ഹർജി നല്‍കിയത്. ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലാണ് ‘സീതയും’ ‘അക്ബറും’ ഒന്നിച്ച് താമസിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സീതയേയും അക്ബറിനേയും സിലിഗുഡി സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്. രണ്ട് സിംഹങ്ങള്‍ക്കും നേരത്തേ തന്നെയുള്ള പേരാണ് ഇപ്പോഴുമുള്ളതെന്നാണ് ബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന ത്രിപുരയിലെ സിപാഹിജാലാ സുവോളജിക്കല്‍ പാർക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളേയും സിലിഗുഡിയിലേക്ക് കൊണ്ടുവന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് സിംഹങ്ങള്‍ക്കും പേരിട്ടത് ബംഗാള്‍ വനംവകുപ്പാണ് എന്നാണ് വി.എച്ച്.പി. ആരോപിക്കുന്നത്. ‘സീത’യെ ‘അക്ബറി’നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന വാദവും വി.എച്ച്.പി. മുന്നോട്ടുവെച്ചു. സീത എന്ന പെണ്‍സിംഹത്തിന്റെ പേര് മാറ്റണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം. ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ വെള്ളിയാഴ്ചയാണ് ഹർജി എത്തിയത്. കേസ് വാദം കേള്‍ക്കാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സിലിഗുഡി സഫാരി പാർക്ക് ഡയറക്ടറും കേസില്‍ കക്ഷിയാണ്.