ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍. സെയില്‍സ് ജീവനക്കാരനായ 55 വയസുള്ള ഭരത് ആണ് ഭാര്യ സുനിതയെ കൊന്ന് വീട്ടില്‍ തന്നെ സൂക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുന്നത്. പിന്നീട് മുറിക്കുള്ളില്‍ മൃതദേഹം പൂട്ടിയിടുകയായിരുന്നു. സംഭവത്തില്‍ ഇന്നലെയാണ് ഭരതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഗാസിയാ ബാദിലെ അംബേദ്കർ നഗറിലുള്ള വീട്ടിലാണ് ഭരതും സുനിതയും താമസിച്ചിരുന്നത്. ഈ വീട്ടില്‍ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് അയല്‍വാസികള്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍ കിടപ്പുമുറിയില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയല്‍വാസികള്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സുനിതയെ കൊലപ്പെടുത്തി ഇയാള്‍ പതിവുപോലെ ജോലിക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച്ച ഇവരുടെ വീട്ടില്‍ പരസ്പരം വഴക്ക് നടന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്കി. സംഭവത്തില്‍ ഭരതിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ… ഭരതിന്റേയും സുനിതയുടേയും രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയുമായി ഭരത് ബന്ധം വീണ്ടും സൂക്ഷിച്ചത് ഇവർക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നതും. എന്നാല്‍ ആദ്യ ഭാര്യയ്ക്ക് ഭരത് സാമ്ബത്തിക സഹായം നല്‍കുന്നതിനെ പലപ്പോഴും സുനിത എതിർത്തിരുന്നു. അതിനിടയില്‍ അവർ വീട്ടിലേക്ക് വന്നത് സുനിതയുമായുള്ള ഭരതിന്റെ വഴക്ക് കൂടാൻ കാരണമായി. വഴക്ക് കൂടിയത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സഭവത്തില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.