വയനാട്: ജീവനൊടുക്കും മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സിന്ധു പരാതി നല്‍കിയിരുന്നതായി കണ്ടെത്തല്‍. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം മുന്‍പാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ടത്. ഓഫീസില്‍ ഗ്രൂപ്പിസമുണ്ടെന്നും ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്‍ടിഒ നല്‍കുന്ന വിശദീകരണം.
കൈക്കൂലി വാങ്ങത്തത് കാരണം സിന്ധുവിനെ ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ജോലി നഷ്ടപ്പെടുമെന്നുള്ള സിന്ധുവിന്റെ ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരന്‍ നോബിള്‍ പറഞ്ഞിരുന്നു. സിന്ധുവിന്റെ മരണത്തില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഭിന്നശേഷിക്കാരിയായ സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ എള്ളുമന്ദത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. സിന്ധു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ലാപ്‌ടോപും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയില്‍ നിന്ന് ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു 42 വയസുകാരിയായ സിന്ധു. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ സിന്ധുവിനെ കണ്ടെത്തിയത്. സിന്ധുവിന്റെ മരണത്തില്‍ ആര്‍ടിഒ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി കുടുംബം രംഗത്തെത്തിയിരുന്നു.