കൊച്ചി : എസ്എഫ്ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി നല്കിയ നിയമവിദ്യാര്‍ത്ഥിനി ഹൈക്കോടതിയിലേക്ക്. മര്‍ദനമെറ്റെന്ന പരാതി നല്കിയ പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജിലെ നിയമവിദ്യാര്‍ത്ഥിനി നിള എസ് പണിക്കരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറന്മുള പൊലീസിനെതിരെയാണ് പരാതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും നിര്‍ദേശം. ഡിവൈഎഫ്ഐ നേതാവ് ജെയ്സണ്‍ ജോസഫും പരാതിക്കാരിയും സുഹൃത്തുക്കളുമായുള്ള വാക്കേറ്റം ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരാതിക്ക് പിന്നില്‍ മുൻ പ്രിൻസിപ്പല്‍ എന്ന ആരോപണവുമായി ജെയ്സണ്‍ ജോസഫ് രംഗത്തെത്തി. എന്നാല്‍ തന്നെ മര്‍ദിച്ചവര്‍ക്ക് എതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തിരിക്കുന്നത്.കേസ് അന്വേഷണത്തില്‍ പൊലീസ് ബോധപൂര്‍വ്വം വീഴ്ച വരുത്തി.പൊലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി ബുധനാഴ്ച കോടതിയെ സമീപിക്കും എന്ന് പെണ്‍കുട്ടി വ്യക്തമാക്കി. ആറൻമുള പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക്പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. മര്‍ദ്ദനമേറ്റെന്ന പരാതി നല്കി മൂന്ന് ദിവസം കഴിഞ്ഞും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുത്തത്.