ഇടുക്കി: ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്ഐ പ്രവർത്തകർ. ധീരജ് കുത്തേറ്റ വിവരം അറിഞ്ഞ പോലീസ് ആശുപത്രിയിൽ എത്തിക്കുവാൻ കൂട്ടാക്കിയില്ല എന്നാണ് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചിരിക്കുന്നത്. വിദ്യാർഥി കുത്തേറ്റ് വിവരമറിയിച്ചപ്പോൾ ‘അവിടെ കിടക്കട്ടെ’ എന്നു പറഞ്ഞു
എന്നാണ് പ്രവർത്തകരുടെ ആരോപണം.
ഗത്യന്തരമില്ലാതെ ക്യാമ്പസിന് അകത്തേക്ക് വന്ന പോലീസ് വാഹനം തടഞ്ഞ് ബലം പ്രയോഗിച്ചാണ് പോലീസിനെ കൊണ്ട് കുത്തേറ്റ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചതെന്നും എസ്എഫ്ഐ പ്രവർത്തകർ പ്രതികരിച്ചു. അതേസമയം, കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് സഹായിച്ചില്ലെന്ന് വിദ്യാർത്ഥികൾ തന്നോട് പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നാണ് എസ്പിയുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് സേനയെ കുറിച്ച് സിപിഎം പാർട്ടി സമ്മേളനങ്ങളിൽ അടക്കം വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച വിഷയത്തിൽ പോലീസ് അനാസ്ഥ ഉണ്ടായി എന്ന ആരോപണം മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. എസ്എഫ്ഐ പ്രവർത്തകരുടെ, പ്രത്യേകിച്ച് കൊല്ലപ്പെട്ട ധീരജിൻറെ സഹപാഠികളുടെ വാക്കു മുഖവിലക്കെടുത്താൽ ഗൗരവതരമായ അനാസ്ഥയാണ് പോലീസിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ വലിയ വിവാദങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.