കോഴിക്കോട്: പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാൻ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയിൽ സഹപാഠികൾ കൊലപ്പെടുത്തിയ ഷഹബാസിൻ്റെ അച്ഛൻ ഇക്ബാൽ. പ്രതികൾക്ക് പരമാവധി ശിഷ നൽകണം. സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷിയാണ്. മർദ്ദനത്തിന് പിന്നിൽ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാൽ പറഞ്ഞു.
സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പൊലീസുകാരൻ്റെയും അധ്യാപികയുടെയും മക്കൾ പ്രതികളാണ്. പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം. കൊലപാതകത്തിൽ നേരത്തെ പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ഇതിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്‍ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസിന്‍റെ നിര്‍ണായക നീക്കം.