കോട്ടയം: സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ ഉൻമൂലനം ചെയ്ത് സഹകരണ രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ സഹകരണ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് ജില്ലാ എൽ ഡി എഫ് കൺവീനർ ഫ്രെ. ലോപ്പസ് മാത്യു. മീനച്ചിൽ താലൂക്കിലെ ക്രമക്കേട് നടന്നിട്ടുള്ള ബാങ്കുകളെ സംരക്ഷിച്ചു കൊള്ളാമെന്ന് ജില്ല എൽഡിഎഫോ, കൺവീനർ എന്ന നിലയ്ക്ക് വ്യക്തിപരമായി താനോ ഒരു ധാരണയിലും എത്തിയിട്ടില്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും. കാലങ്ങളായി ബാങ്ക് ഭരിച്ച് ക്രമക്കേട് നടത്തിയവർ ആരായാലും ഏതു പാർട്ടിയിൽ പെട്ടവരായാലും നടപടി നേരിടേണ്ടി വരും. അതിന് ധാരണക്കും എഗ്രിമെന്റിനും നടന്നിട്ട് കാര്യമില്ല.
സഹകരണ മേഖലയിലെ വളരെ ചെറിയ ശതമാനം ബാങ്കുകളിലെങ്കിലും നടന്നിട്ടുള്ള ക്രമക്കേടുകൾക്ക് പരിഹാരം കാണുന്നതിനും ഈ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് 1969 ലെ സഹകരണ മൂന്നാം ഭേദഗതി 56 എണ്ണം കഴിഞ്ഞ നിയമസഭയിൽ പാസാക്കിയിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളിൽ മീനച്ചിൽ താലൂക്കിലെ ഏതാനും ചില സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേടുകളും അതുവഴി ജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ട്. അതൊന്നും ഇനിയും അനുവദിച്ചു കൊടുക്കുവാൻ സാധിക്കുകയില്ല. അതിനുവേണ്ടിയിട്ടുള്ള ശക്തമായ നിയമ ഭേദഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്.അതിന് ഈ രംഗത്തെ അഴിമതിക്കാർ ഹാലിളകിയിട്ട് കാര്യമില്ല. മീനച്ചിൽ താലൂക്കിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഹകരണ ബാങ്കുകളിലെ ഡിപ്പോസിറ്റർമാരെ തിരഞ്ഞുപിടിച്ച് അവർക്ക് ഊമ കത്തുകൾ അയച്ച് ഡിപ്പോസിറ്റുകൾ പിൻവലിപ്പിക്കുവാൻ ചിലർ നടത്തുന്ന ശ്രമങ്ങളെയും , അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെയും സഹകാരികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ലോപ്പസ് മാത്യു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലപ്പലം സർവീസ് സഹകരണ ബാങ്കിൽ തനിക്കും അംഗത്വവും ഡിപ്പോസിറ്റും ലോണും ഒക്കെ ഉള്ളതാണ്. ആ ബാങ്ക് നല്ല നിലയിൽ നിലനിൽക്കണം. അവിടെ 2019 മുതൽ ചില ക്രമക്കേടുകളെ കുറിച്ച് പരാതി ഉണ്ടായിട്ടുണ്ട്. 2021 ൽ സഹകരണ വകുപ്പിന്റെ ഗ്രൂപ്പ് ഓഡിറ്റിംഗിൽ ക്രമക്കേടുകൾ കണ്ടുപിടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 65 എൻക്വയറി നടന്നിട്ടു ള്ളതുമാണ്. ക്രമക്കേടുകളെ സംബന്ധിച്ച് റിപ്പോർട്ടും പുറത്തു വന്നു. എന്നാൽ ബാങ്ക് ഭരണനേതൃത്വം ഹൈക്കോടതിയെ സമീപിച്ചു തുടർ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. ഹൈക്കോടതി ഇപ്പോൾ 65 എൻക്വയറിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ഭരണസമിതിയിൽ പെട്ടവരിൽ ക്രമരഹിതമായും ബിനാമി പേരിലും ലോൺ എടുത്തവർക്കെതിരെയും, ധൂർത്തും ധാരാളിത്തവും നടത്തി ബാങ്കിനും സഹകാരികൾക്കും നഷ്ടം വരുത്തിയവർക്കെതിരെയും നടപടി ഉണ്ടാവണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുന്നത് തടയാൻ ഒരു ധാരണയും ആരും വയ്ക്കേണ്ടതില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.