കുമരകം: കള്ളുഷാപ്പിൽ കയറി കരിമീൻ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ അകത്താക്കിയശേഷം പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കുമരകത്തെ കണ്ണാടിച്ചാലിന് സമീപത്തായിരുന്നു സംഭവം.
കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. മാന്യമായ വേഷം ധരിച്ച യുവാക്കൾ കാറിലാണ് ഷാപ്പിൽ എത്തിയത്. വന്നപാടെ ഇഷ്ട ഐറ്റങ്ങൾ ഓർഡർ ചെയ്തു. മുന്നിൽ എത്തിയതെല്ലാം മൂക്കുമുട്ടെ കഴിച്ചു. കൈകഴുകിയെത്തിയ ഒരാൾ നേരെ പോയി കാറിലിരുന്നു. ഐറ്റങ്ങൾ മതിയാണെന്ന് പറഞ്ഞതോടെ വെയിറ്റർ ബില്ലെടുക്കാൻ പോയി. ഈ തക്കം നോക്കി രണ്ടാമനും കാറിൽ കയറി. ഞൊടിയിടയ്ക്കുള്ളിൽ ഇവർ കാറുമായി സ്ഥലം വിടുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്ന ചിലർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഷാപ്പിലെ ജീവനക്കാർ ബൈക്കുമെടുത്ത് പുറകേ പാഞ്ഞു. ഇതിനിടെതന്നെ കാർ പോകാൻ ഇടയുള്ള സ്ഥലങ്ങളിലെ പരിചയക്കാരെയും ഷാപ്പിലുള്ളവരെയും നാട്ടുകാർ വിവരം അറിയിച്ചു. അതോടെ അവർ തയ്യാറായി നിന്നു. കാർ ഇതുവഴി എത്തിയതോടെ അവർ തടഞ്ഞിട്ടു. പണം കൊടുത്താൻ വിടാമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവർ അതിന് തയ്യാറായില്ല. അതോടെ നാട്ടുകാർ പൊലീസിനെ വിളിച്ച് ഇരുവരെയും കൈമാറി. പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇവർ ഗൂഗിൾ പേ വഴി പണം നൽകി പ്രശ്നം പരിഹരിച്ചു. ആയിരത്തിലധികമായിരുന്നു ഇവരുടെ ബിൽ തുക.