ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യയുടെ മരണം : ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കർ വിശദീകരണവുമായി രംഗത്ത്; ഉപദ്രവിച്ചിട്ടില്ല എന്ന് പറയില്ല

ഷാർജ: ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കർ വിശദീകരണവുമായി രംഗത്ത്.അതുല്യയുടെ മരണത്തില്‍ താൻ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീശ് അതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. അതുല്യ മരിച്ച മുറിയില്‍ ബെഡ് മാറി കിടക്കുന്നതും മുറിയില്‍ കത്തിയും മാസ്കും കണ്ടെത്തിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് സതീശ് പറഞ്ഞു. അവളുടെ കൈയില്‍ ഒരു ബട്ടൻസും ഉണ്ടായിരുന്നു. അത് എന്റേതല്ല. ഇക്കാര്യങ്ങളെല്ലാം തെളിയണം. ക്യാമറ പരിശോധിക്കണം. എന്റെ പ്രശ്നങ്ങളെ തുടർന്നാണ് അവള്‍ ആത്മഹത്യ ചെയ്തതെങ്കില്‍ ഇത് ദുബായി ആണ് അവള്‍ക്ക് ഇട്ടിട്ട് പോകാമായിരുന്നുവെന്നും സതീശ് പറഞ്ഞു. അതുല്യ മരിച്ചതിന് ശേഷം താനും ആത്മഹത്യക്ക് ശ്രമിച്ചതായും സതീഷ് പ്രതികരിച്ചു.

Advertisements

കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ത്തില്‍ അതുല്യ ശേഖർ (30) ഷാർജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിന് ശരിവെക്കുന്ന വാട്സാപ്പ് ചാറ്റുകളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സതീശ് വിശദീകരണവുമായി രംഗത്തെത്തിയത്. താൻ മദ്യപിക്കാറുണ്ടെന്നും അതുല്യയെ മർദിക്കാറുണ്ടെന്നും വിശദീകരണത്തിനിടെ സതീശ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘രണ്ട് മൂന്ന് കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് കഴിഞ്ഞ നവംബറില്‍ അതുല്യ ഗർഭിണിയായി. അവള്‍ നാട്ടിലേക്ക് പോയി എന്റെ അനുവാദമില്ലാതെ ഗർഭം അലസിപ്പിച്ചു. അതിനു ശേഷം തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്നു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, നിങ്ങള്‍ക്ക് 40 വയസ്സായി. നിങ്ങള്‍ ഒരു ഷുഗർ രോഗിയാണ്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാൻ എനിക്കാകില്ല. കുഞ്ഞായി കഴിഞ്ഞാല്‍ മറ്റൊന്നിനും സാധിക്കില്ല എന്ന്. ഇക്കാര്യം ഞാൻ അവളോട് നിരന്തം ചോദിക്കാറുണ്ടായിരുന്നു. കൃത്യമായ മറുപടി അവള്‍ ഇതുവരെ നല്‍കിയിട്ടില്ല’ സതീഷ് പറഞ്ഞു.

അതുല്യ ജീവനൊടുക്കിയ ദിവസത്തില്‍ സംഭവിച്ചതിനെ കുറിച്ച്‌ സതീഷ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്…’പെട്ടെന്ന് വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ എനിക്ക് ജോലിക്ക് പോകണമെന്ന്. ഓക്കേ എന്ന് ഞാൻ പറഞ്ഞു, ടാക്സിയും അതിന് വേണ്ട പണവും ഏർപ്പാടാക്കി നല്‍കി. എന്റെ ക്രെഡിറ്റ് കാർഡും നല്‍കി. എന്താവശ്യമുണ്ടെങ്കിലും ഇതില്‍നിന്ന് എടുത്തോ എന്ന് പറഞ്ഞു. എല്ലാം ഓക്കെയായിരുന്നു. വഴക്കിനെ തുടർന്ന് ഒരാഴ്ചയോളമായി അവള്‍ താഴെയും ഞാനും മുകളിലുമായിട്ടാണ് താമസിച്ചത്. ഞാൻ മദ്യപിക്കാറുണ്ട്.

വാരാന്ത്യം ആയതുകൊണ്ട് ഞാൻ കഴിച്ചിരുന്നു. വീട്ടുകാർ പറയുന്ന പോലെ ദിവസവും മദ്യപിക്കുന്ന ആളല്ല. ഷുഗർ രോഗി ആയതുകൊണ്ട് ദിവസവും മദ്യപിക്കാനാകില്ല. രണ്ടുനേരം ഇൻസുലിൻ എടുക്കുന്നുണ്ട്. പലതവണ പ്രശ്നങ്ങളുണ്ടായപ്പോഴും ഞാനവളെ ചേർത്തുപിടിച്ചു. മറ്റാരും ഇല്ലാത്തത് കൊണ്ട് അതുല്യയും ഞാനും കുറച്ച്‌ പൊസ്സസീവ്നെസ്സ് ഉള്ളവരായിരുന്നു. ഞാൻ കൂട്ടുകാരുമായി സംസാരിക്കുന്നതും പുറത്ത് പോയി കഴിക്കുന്നതും ബന്ധുക്കളുമായി ചേരുന്നതൊന്നും അതുല്യക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ അമ്മയോട് പോലും ഞാൻ സംസാരിക്കാറില്ല. അവള്‍ക്കും ഞാൻ തന്നെയായിരുന്നു എല്ലാം.

വാരാന്ത്യം ആയതുകൊണ്ട് ഇന്നലെ അജ്മാനിലുള്ള ഒരു സുഹൃത്ത് പാർട്ടിക്കായി വിളിച്ചു. ഞാൻ പുറത്ത് പോയി. ഈ സമയത്ത് അവള്‍ ഒരുപാട് വിളിച്ചിരുന്നു. സാധാരണ അങ്ങനെ ഉണ്ടാകാറുണ്ട്. പുറത്ത് പോകുമ്ബോഴെല്ലാം ഒരുപാട് തവണ വിളിച്ചുകൊണ്ടിരിക്കും. ഇന്നലെ ഇതുപോലെ കോളുകള്‍ വന്നപ്പോള്‍ ഞാൻ കട്ടാക്കി. ഒടുവില്‍ വീഡിയോകോളില്‍ ഫാനൊക്കെ കാണിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചു. അതോടെ ഞാൻ പെട്ടെന്ന് ഓടി ഇവിടേക്കെത്തി. അപ്പോള്‍ ഡോർ തുറന്ന് കിടക്കുകയായിരുന്നു. ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്നു. ഉടൻ പോലീസിനെയും മറ്റുള്ളവരെയും വിവരം അറിയിച്ചു.

പോലീസ് സ്റ്റേഷനില്‍ പോയി ഞാൻ തിരിച്ച്‌ റൂം പരിശോധിച്ചപ്പോള്‍ കണ്ടത്, മൂന്നുപേർ പിടിച്ചാല്‍ പൊങ്ങാത്ത കട്ടിലും ബെഡും മാറി കിടക്കുന്ന നിലയിലായിരുന്നു. ഒരു കത്തി അവിടെയുണ്ട്. ഉപയോഗിക്കാത്ത എട്ട് മാസ്കും അവിടെയുണ്ടായിരുന്നു. ജോലിക്ക് ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് ഇന്റർവ്യൂവിന് പോയിരുന്നത്. ജോലി കിട്ടിയ ശേഷം അവിടെ ജോലി ചെയ്തിരുന്നവർ ശമ്ബളമൊന്നും കിട്ടില്ലെന്ന പറഞ്ഞതിനെ തുടർന്ന് അത് വിട്ട കേസായിരുന്നു. പിന്നീട് പെട്ടെന്നാണ് അവള്‍ ജോലിക്ക് പോകണമെന്ന് പറഞ്ഞത്’ സതീഷ് പറഞ്ഞു.

അവള്‍ ഒരിക്കലും ജീവിതം അവസാനിപ്പിക്കില്ല. കാരണം എല്ലാ പ്രശ്നങ്ങളും അതിജീവിക്കും. ഞാൻ ഷാർജയില്‍ വന്നു താമസിക്കുകയാണ്. എന്റെ ജീവിതത്തില്‍ അവള്‍ക്കറിയാത്ത ഒന്നുമില്ല. ക്യാമറ മുഴുവൻ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. ‘എന്റെ അതുല്യ പോയി ഞാനും പോകുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടശേഷം ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. ഒരുപാട് നേരം തൂങ്ങി നിന്നു. ഒടുവില്‍ ശ്രമം അവസാനിപ്പിച്ചു. സാമ്ബത്തികമാണ് എന്റെ പ്രശ്നമെന്ന് പറയുന്നവരുണ്ട്. 9500 ദിർഹം എനിക്ക് ശമ്ബളമുണ്ട്. അതുകൊണ്ട് സാമ്ബത്തിക കാര്യത്തിന് ഞാൻ അവളെ ഉപദ്രവിച്ചിട്ടില്ല’ സതീഷ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles