ഡല്‍ഹി : ലോകകപ്പ് ക്രിക്കറ്റിലെ അടുത്ത മത്സരത്തില്‍ ഷാര്‍ദുല്‍ താക്കൂറിനെ പുറത്തിരുത്തി പകരം മറ്റൊരു താരത്തെ കളത്തിലിറക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.പരിക്കുകാരണം അടുത്ത മത്സരത്തിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞ ഹാര്‍ദിക് പാണ്ഡ്യക്കു പകരം ആരെ കളത്തിലിറക്കണമെന്നതിനെക്കുറിച്ചും തന്റെ അഭിപ്രായം ക്രിക്കറ്റ് നിരീക്ഷകനും എഴുത്തുകാരനും കൂടിയായ തരൂര്‍ എക്സില്‍ കുറിച്ചു.
‘ധര്‍മശാലയില്‍ ഞായറാഴ്ച ന്യൂസിലൻഡിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കാനുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അവൻ ടീമില്‍ നിന്ന് മാറിനില്‍ക്കുകയും മറ്റൊരു യഥാര്‍ഥ ഓള്‍റൗണ്ടര്‍ ടീമിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും അതുണ്ടാക്കുന്ന അഭാവം പരിഹരിക്കാൻ രണ്ടു മാറ്റങ്ങള്‍ നടത്തേണ്ടത് ആവശ്യമാണ്. ഷാര്‍ദുല്‍ താക്കൂറിനെ മാറ്റി ആ സ്ഥാനത്ത് മുഹമ്മദ് ഷമിയെ കൊണ്ടുവരണം. ഒപ്പം ഹാര്‍ദിക് വിട്ടുനില്‍ക്കുന്ന ഒഴിവില്‍ സൂര്യകുമാര്‍ യാദവിനും അവസരം നല്‍കണം. 2023 ലോകകപ്പിന്റെ റൗണ്ട് റോബിൻ ഘട്ടത്തില്‍ ആരാണ് മികച്ചവര്‍ എന്നു തെളിയിക്കുന്ന മത്സരമാണിത്. അതുകൊണ്ട് സാധ്യമായതില്‍വെച്ചേറ്റവും മികച്ച ഇലവനെ നമ്മള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്’ -തരൂര്‍ കുറിച്ചു.