മുംബൈ: ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടു എന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. തനിക്ക് ഈ നീക്കങ്ങളിൽ പങ്കാളിത്തം ഇല്ലെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ഷാരൂഖ് ഖാനാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. ഈ പരാമർശത്തോടാണ് ഷാരൂഖ് ഖാന്റെ പ്രതികരണം വന്നത്.
നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു. ഖത്തറിലേക്ക് മോദി ഷാരൂഖ് ഖാനെയും കൊണ്ടു പോകണമെന്നും സ്വാമി ആവശ്യപ്പെട്ടു. അതേസമയം, സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം ഇതുവരേയും പ്രതികരിച്ചിട്ടില്ല. യു എ ഇയിലേക്ക് തിരിക്കും മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ അമിർ തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തെ മോദി പുകഴ്ത്തുക മാത്രമാണുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമീറിന്‍റെ നേതൃത്വം ഖത്തറിനെ വലിയ വളർച്ചയിലേക്ക് നയിച്ചുവെന്ന് മോദി പറഞ്ഞു. നാളെ വൈകിട്ട് മോദി ഖത്തർ അമിറിനെ കാണും. നാവികരെ വിട്ടയച്ചത് യാത്രയ്ക്ക് മുമ്പുള്ള പ്രസ്താവനയിൽ മോദി പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. യു എ ഇ സന്ദർശനത്തിന് ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് മോദി ദില്ലിയിൽ നിന്ന് തിരിച്ചത്.