ഷീലാ സണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസ്; “ഒറ്റ ബുദ്ധിക്ക് ചെയ്തുപോയത്; ദൂഷ്യം ആരോപിച്ചത് പകയ്ക്ക് കാരണമായി”; കുറ്റസമ്മത മൊഴിയിൽ പ്രതി ലിവിയ ജോസ്

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസിൽ പ്രതിയായ ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്.ഒറ്റ ബുദ്ധിക്ക് ചെയ്തു പോയതെന്ന് ലിവിയ ജോസ് കുറ്റസമ്മത മൊഴി നൽകി. ലിവിയയ്ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നാണ് മൊഴി. 

Advertisements

കുറ്റകൃത്യത്തിൽ സഹോദരിക്ക് പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. നാരായണ ദാസിന്‍റെ സഹായത്തോടെ താൻ ഒറ്റയ്ക്കാണ് കുറ്റം ചെയ്തത്. ഷീലാ സണ്ണിയും ഭർത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞത് അറിഞ്ഞു. ബാംഗ്ലൂരിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് ഇരുവരും പറഞ്ഞുണ്ടാക്കി. തനിക്ക് കൂടി അവകാശമുള്ള സ്വത്തിൽ 10 സെന്‍റാണ് കടം വീട്ടാൻ വിറ്റത്. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നുവെന്നും അന്വേഷണ സംഘത്തോട് ലിവിയ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബംഗ്ലൂരുവിൽ പഠിക്കാൻ പോയ ലിവിയ എങ്ങനെ പണമുണ്ടാക്കിയെന്ന ഷീല സണ്ണിയുടെ ശബ്ദ സന്ദേശമാണ് പകയ്ക്ക് കാരണമായതെന്നും ലിവിയ മൊഴി നൽകി. ലഹരി സ്റ്റാംപ് വെച്ചത് ഷീല സണ്ണിയുടെ മരുമകൾ അറിയാതെയെന്ന് ലിവിയ മൊഴി നൽകി. ഫ്രിഡ്ജും ടിവിയും ഫർണീച്ചറുകളും ലിവിയ വീട്ടിലേയ്ക്ക് വാങ്ങിയിരുന്നു. ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സ് പഠിക്കുന്ന ലിവിയയ്ക്ക് ഇത്രയും പണം എവിടുന്നതടക്കമുള്ള ചോദ്യങ്ങളും പ്രകോപനത്തിന് കാരണമായി. 

വാട്സാപ്പിൽ മകൻ സംഗീതിന് ഷീല അയച്ച ശബ്ദ സന്ദേശം ലിവിയ കേട്ടു. ഇതോടെ ഷീല സണ്ണിയെ നാണം കെടുത്താൻ ലിവിയ തീരുമാനിച്ചു. മനസിൽ വന്ന ആശയം നാരായണദാസിനോട് പറഞ്ഞു. ലഹരി സ്റ്റാംപ് ആഫ്രിക്കൻ വംശജനിൽ നിന്ന് നാരായണദാസ് വാങ്ങി. എന്നാൽ, ഡ്യൂപ്ലിക്കേറ്റ് ലഹരി സ്റ്റാംപ് നൽകി ആഫ്രിക്കക്കാരൻ പറ്റിച്ചുവെന്നും ലിവിയ മൊഴി നൽകി. 

അതേസമയം, കേസിൽ അറസ്റ്റിലായ ലിവിയയെ ഉടൻ പൊലീസ് കോടതിയിൽ ഹാജരാക്കും. ലിവിയ ജോസിനെയും നാരായണദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകും.

ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയാണ് കേസിലെ മുഖ്യപ്രതിയായ ലിവിയ ജോസ്. അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ രാജുവിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ലിവിയയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വികെ രാജു പറഞ്ഞു.

Hot Topics

Related Articles