വ്യാജ ലഹരിക്കേസ് ; ബ്യൂട്ടി പാർലർ പുട്ടി ; നാട് വിട്ട് പോകേണ്ടി വന്നു : തകർന്നത് ഷീല സണ്ണിയുടെ ജീവിതം

ചാലക്കുടി (തൃശൂർ): 2023 ഫെബ്രുവരി 27. ചാലക്കുടി നഗരത്തിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കറുത്ത ദിനം.
ബ്യൂട്ടി പാർലറില്‍നിന്നുള്ള വരുമാനം കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നതിനിടെയായിരുന്നു ജീവിതം ആകെ കീഴ്മേല്‍ മറിച്ച ആ സംഭവം ഉണ്ടായത്. ഷീലയുടെ ഇരുചക്ര വാഹനത്തില്‍നിന്ന് ലഹരി സ്റ്റ‌ാമ്ബ് കണ്ടെത്തിയെന്നാരോപിച്ച്‌ കേസെടുത്ത് അവരെ ജയിലില്‍ അടക്കുകയായിരുന്നു. 72 ദിവസം ജയിലില്‍ കഴിഞ്ഞശേഷം കേസ് വ്യാജമെന്ന് കണ്ടെത്തി. ഒടുവില്‍ ഷീല സണ്ണി ജയിലില്‍നിന്ന് പുറത്തിറങ്ങി. എന്നാല്‍, ഉപജീവനമാർഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ അടച്ചുപൂട്ടേണ്ടിവന്നു. വീണ്ടും സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാർലർ ആരംഭിച്ചെങ്കിലും മറ്റുള്ളവർ സംശയദൃഷ്ടിയോടെ കണ്ടതിനാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അതും അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് നാടുവിട്ട ഷീല ഇപ്പോള്‍ ചെന്നൈയില്‍ ഡേ കെയറില്‍ ആയയായി ജോലി നോക്കുകയാണ്.

Advertisements

പ്രതി ഇപ്പോഴും കാണാമറയത്ത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയ മുഖ്യപ്രതി. ഇയാള്‍ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ ഹാജരായിട്ടില്ല. ഇപ്പോഴും പൊലീസിനെ വെട്ടിച്ച്‌ കഴിയുകയാണ് ഇയാള്‍.

72 ലക്ഷം നഷ്ടപരിഹാരം തേടി ഹൈകോടതിയില്‍

സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കള്ളക്കേസില്‍ കുടുക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഷീല സണ്ണി. ഇതേതുടർന്ന് അന്വേഷണം എക്‌സൈസില്‍ നിന്ന് പൊലീസിന് കൈമാറാൻ ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കണമെന്നും നാലു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നുമാണ് ഹൈകോടതി ഉത്തരവ്.

ഇതിന്റെ ഭാഗമായി കേസില്‍ ഇരയായ ഷീലയുടെ മൊഴി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തി. ചെന്നൈയില്‍ താമസമാക്കിയ ഷീലയെ ചാലക്കുടിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് മൂന്നു മണിക്കൂറോളം മൊഴിയെടുത്തത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിനാണ് അന്വേഷണ ചുമതല.

കേസില്‍ എക്സൈസിനും പങ്കുണ്ടെന്നും തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞുവെന്നും ഷീല അറിയിച്ചു. കേസ് കാരണം ജീവിതം തന്നെ തകർന്നതായും അവർ പറയുന്നു. ’72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കാരണം ജീവിതം തകർന്നു. ബ്യൂട്ടി പാ‍ർലറിലെ വരുമാനം കൊണ്ട് ജീവിച്ചതാണ്. ആ സംരംഭം മുന്നോട്ട് കൊണ്ടുപോകാനായില്ല. കേസില്‍ നിരപരാധിത്വം തെളിഞ്ഞിട്ടും ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. വിളിച്ചിട്ട് ഒരു സമാധാന വാക്ക് പോലും പറയാത്ത കുറേപ്പേരുണ്ട്’ -അവർ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന സതീശന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂട്ടറില്‍ ലഹരിപദാർഥം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചപ്പോഴാണ് എക്സൈസ് എത്തിയതെന്നും ലഹരിപദാർഥത്തിന്റെ അളവ് കൂടുതലുണ്ടെന്ന് ബോധ്യമായതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നെന്നുമാണ് സതീശൻ മൊഴി നല്‍കിയത്.

Hot Topics

Related Articles