മുംബൈ: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.8 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. 6,600 കോടി രൂപയുടെ ബിറ്റ്കോയിൻ തട്ടിപ്പ് കേസിലാണ് നടപടി. ശില്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ജൂഹുവിലെ വസതിയും പൂനെയിലും ബംഗ്ലാവും രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികളും ഇതില്‍ ഉള്‍പ്പെടും. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ്, അന്തരിച്ച അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് തുടങ്ങിയവര്‍ക്കെതിരെ മഹാരാഷ്ട്ര പൊലീസും ദില്ലി പൊലീസും ഫയല്‍ ചെയ്ത നിരവധി പരാതികളെ അടിസ്ഥാനമാക്കി ഇഡി ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
2017 ല്‍ 6,600 കോടി രൂപ മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിന് ആരോപണവിധേയര്‍ സ്വരൂപിച്ചതായാണ് ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബിറ്റ്കോയിനില് നിക്ഷേപിച്ചാല്‍ പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ പണം മുടക്കിയവരെ കബളിപ്പിച്ചത്. ഇഡിയുടെ അന്വേഷണത്തില്‍ രാജ് കുന്ദ്ര അമിത് ഭരദ്വാജില്‍ നിന്ന് 285 ബിറ്റ്കോയിനുകള്‍ കൈപ്പറ്റിയെന്ന് കണ്ടെത്തി. ഉക്രൈനില്‍ ഒരു ബിറ്റ്കോയിന് മൈനിംഗ് ഫാം ആരംഭിക്കുന്നതിനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ അത് നടന്നില്ല. രാജ് കുന്ദ്രയുടെ കൈവശം നിലവിലുള്ള ബിറ്റ്കോയിനുകള്‍ക്ക് 150 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കപ്പെടുന്നത്. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ 2021 ല്‍ രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചു.