ബെംഗളൂരു: ഷിരൂരിലെ ദുരന്തത്തിന് കാരണമായത് ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മാണമാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പന്‍വേല്‍-കന്യാകുമാരി ദേശീയപാത 66ന്റെ ഭാഗമായ ഷിരൂരിൽ കുന്ന് തുരന്ന് അശാസ്ത്രീയമായ രീതിയിൽ റോഡ് വീതികൂട്ടിയത് മലയിടിച്ചിലിന് കാരണമായതായാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ദുരന്തകാരണം പഠിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രദേശത്ത് കൂടുതല്‍ നാശമുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടു. കുന്നിന്റെ ഘടനയില്‍ മാറ്റമുണ്ടായി. കുന്നിന്‍ചെരിവ് തുരന്നതിന്റെ മുകള്ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനൊപ്പം കുറച്ചുനേരത്തേക്ക് പെയ്ത അതിശക്തമായ മഴയും കുന്നിടിച്ചിലിന് കാരണമായി. 503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഷിരൂരിൽ പെയ്തതെന്നും പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്.
ദേശീയപാതയുടെ വീതികൂട്ടാനായി കുന്ന് തുരന്ന് നടത്തിയ നിർമ്മാണം മണ്ണിടിച്ചിലിന് ഇടയാക്കിയതായി നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ജൂലായ് 16ന് രാവിലെ 8.30 ഓടെയാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അര്ജുന് ഉള്‍പ്പെടെ പത്തുപേര്‍ ദുരന്തത്തില്‍ അകപ്പെട്ടതായാണ് കര്‍ണാടക സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. മറ്റുള്ളവർക്കായുള്ള തിരച്ചിൽ 13ാം ദിവസവും ഫലം കണ്ടില്ല.