മലപ്പുറം: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് – കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
Advertisements
വലിയ രീതിയിൽ യന്ത്രത്തിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. താനൂർ പൊലീസ് ഇന്ന് ഇൻക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി ഹിബ.