ആലപ്പുഴ,: ആഗോളതലത്തിൽ മികച്ച യാത്രാസാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനിയായ ഫ്ലിക്സ്ബസ് ഇന്ത്യ, ബംഗളുരുവിൽ നിന്ന് ഗോവയിലേക്കും ആലപ്പുഴയിലേക്കും രാത്രികാല ബസ് സർവീസുകൾക്ക് തുടക്കമിട്ടു. താങ്ങാനാവുന്ന മിതമായ നിരക്കിലാണ് ടിക്കറ്റുകൾ. പരിസ്ഥിതിസൗഹൃദപരവും സുഖകരവുമായ യാത്രകൾക്ക് ആവശ്യക്കാരേറി വരുന്ന ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുകയാണ് ഫ്ലിക്സ്ബസ് ഇന്ത്യ.
ബംഗളുരുവിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റൊന്നിന് 1600 രൂപയും ബംഗളുരുവിൽ നിന്ന് ആലപ്പുഴയിലേക്ക് 1400 രൂപയുമാണ് നിരക്ക്. ബിസിനസ് ആവശ്യങ്ങൾക്കും വിനോദത്തിനും യാത്ര ചെയ്യുന്നവർക്ക് പ്രയോജനകരമായ രീതിയിലാണ് സർവീസുകൾ സംഘടിപ്പിക്കുന്നത്. ലാർജ് ശ്രേണിയിലുള്ള ബസുകൾ ആഴ്ചയിൽ 6 ദിവസവും എക്സ്ട്രാ ലാർജ് ബസുകൾ എല്ലാ ദിവസവും സർവീസ് നടത്തും. രാജ്യത്തെ പ്രധാന സാമ്പത്തിക, ടൂറിസം കേന്ദ്രങ്ങളായ ഗോവയെയും കേരളത്തെയും ബംഗളൂരുവുമായി അനായാസം ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ ഒരുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫ്ലിക്സ്ബസ് ഇന്ത്യയുടെ എംഡി സൂര്യ ഖുറാന പറഞ്ഞു. ദക്ഷിണേന്ത്യൻ മേഖലയിൽ ശക്തമായ ഒരു യാത്രശൃംഖല പടുത്തുയർത്താനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. മിതമായ നിരക്കിൽ സുഖകരവും പ്രകൃതിസൗഹൃദപരവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബസ് സർവീസ് വിപണിയാണ് ഇന്ത്യ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗതാഗതരംഗത്ത് വിപണിസാന്നിധ്യം വികസിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രപ്രധാന തീരുമാനത്തിന്റെ ഭാഗമാണ് ഈ പുതിയ ബസ് സർവീസുകൾ. ഈ ലക്ഷ്യത്തിലെത്താൻ ഗോവയെയും കേരളത്തെയും സുപ്രധാന വിപണികളായാണ് ഫ്ലിക്സ്ബസ് ഇന്ത്യ കാണുന്നത്. സാധാരണ ബസ് യാത്രയെക്കാളുപരി, സാങ്കേതികമികവോടു കൂടിയ മെച്ചപ്പെട്ട യാത്രാനുഭവം നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സ്ഥിരം യാത്രക്കാരുള്ള പ്രത്യേക സീസണുകളും ആഘോഷദിവസങ്ങളും കൂടി കണക്കിലെടുത്താണ് ഈ രണ്ട് റൂട്ടുകളിലും ബസുകൾ അവതരിപ്പിച്ചിട്ടുള്ളത്. ശീതകാലത്ത് ബംഗളുരുവിൽ നിന്ന് ഗോവയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് സർവീസുകൾക്ക് ഗുണകരമാകും.
മൺസൂൺ കാലത്ത് ബെംഗളൂരു-ആലപ്പുഴ റൂട്ടിലും യാത്രക്കാർ ഏറെയുണ്ടാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ കായൽടൂറിസം തന്നെയാണ് പ്രധാന ആകർഷണം. കേരളത്തിലെ ഓണക്കാലത്തും ഗോവയിലെ കാർണിവൽ സമയത്തും ബുദ്ധിമുട്ടുകളില്ലാതെ സഞ്ചരിക്കാം. ബെംഗളൂരു-ആലപ്പുഴ റൂട്ടിൽ കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലും സ്റ്റോപ്പുകളുണ്ട്. ബെംഗളൂരു-ഗോവ റൂട്ടിൽ തുംകുരു, ചിത്രദുർഗ, ദേവനാഗരി, ഹവേരി, യെല്ലാപൂർ, കാർവാർ, എന്നിവയ്ക്ക് പുറമെ ഗോവയിലെ പ്രധാന ആകർഷണങ്ങളായ പാലോലെം, മദ്ഗൺ, പഞ്ചിം, മപുസ എന്നിവിടങ്ങളിലും ബസുകൾ യാത്രക്കാർക്കായി നിർത്തും.
യാത്രയുടെ സുരക്ഷയിലും ഗുണമേന്മയിലും വിട്ടുവീഴ്ചകൾക്ക് ഇടനൽകാത്ത കമ്പനിയാണ് ഫ്ലിക്സ്ബസ് ഇന്ത്യ. കാർബൺ ബഹിർഗമനം കുറഞ്ഞ ബിഎസ്6 ശ്രേണിയിലുള്ള വാഹനങ്ങളാണ് സർവീസുകൾക്ക് ഉപയോഗിക്കുന്നത്. മലിനീകരണം സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി) തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും എല്ലാ ബസിലുമുണ്ട്. വിശദമായ പശ്ചാത്തലപരിശോധനകൾക്ക് ശേഷമാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ ബസുകളും തത്സമയ ട്രാക്കിങ്ങിനും വിധേയമാകുന്നു.