പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ അപകടത്തിൽ കാണാതായ ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. ഫയർഫോഴ്സ് സംഘം പുഴയിൽ പരിശോധന തുടങ്ങി. സ്ഥലത്ത് റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തുന്നുണ്ട്. അതേസമയം, ട്രാക്കിലേക്ക് കയറുമ്പോൾ സിഗ്നൽ ഇല്ലായിരുന്നുവെന്ന് ഷൊർണൂർ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശക്തിവേല്‍ പറഞ്ഞു.
പാളത്തിൻ്റെ നടുവിൽ എത്തിയപ്പോഴാണ് സിഗ്നൽ വന്നത്. അപ്പോഴേക്കും ട്രെയിന്‍ വന്നു കഴിഞ്ഞിരുന്നു. നല്ല വേഗതയിലായിരുന്നു ട്രെയിനെത്തിയത്. അതുകൊണ്ട് 4 പേർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റ് 6 പേർ പാളത്തിൻ്റെ ഒരു ഭാഗത്തുള്ള സേഫ്റ്റി പോയിൻ്റിൻ കയറി നിന്നുവെന്നും ശക്തിവേല്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് ആറ് പേരും ഓടി രക്ഷപ്പെട്ടു.
തമിഴ്‌നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണനെയാണ് കാണാതായത്. ട്രെയിൻ തട്ടി ഭാരതപ്പുഴയിൽ വീണെന്ന് സംശയിക്കുന്ന ലക്ഷ്മണനായി തെരച്ചില്‍ തുടരുകയാണ്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് റെയിൽവെ വ്യക്തമാക്കി. കരാറുകാരനെതിരെ കേസെടുക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നൽകുമെന്നും റെയിൽവെ അറിയിച്ചു. ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും കണ്ടെത്തലുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ റെയിൽവേയ്ക്കെതിരെ റെയിൽവേ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ രംഗത്തെത്തി. റെയിൽവേയ്ക്ക് സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ആരോപിക്കുന്നത്. ശുചീകരണ തൊഴിലാളികൾക്കൊപ്പം സൂപ്പർവൈസർമാർ ഉണ്ടായിരുന്നില്ല. മുൻപരിചയം ഇല്ലാത്ത തൊഴിലാളികളെ ട്രാക്കിൽ ഒറ്റയ്ക്കു വിട്ടു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തിയില്ല. റെയിൽവേയ്ക്കെതിരെയും കേസെടുക്കണമെന്നും റെയിൽവേ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർജി പിള്ള ആവശ്യപ്പെട്ടു.