പൂക്കോട് (വയനാട്): സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലില്‍ മുഖ്യപ്രതി സിൻജോ ജോണ്‍സണുമായിഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സിദ്ധാർഥിനെ മർദിക്കാനുപയോഗിച്ച ഇലക്‌ട്രിക് വയർ, ഗ്ലൂഗണ്‍ എന്നിവ പോലീസ് കണ്ടെത്തി. ഹോസ്റ്റലിലെ നടുമുറ്റം 21-ാം നമ്ബർ, 36-ാം നമ്ബർ എന്നീ മുറികള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. സിൻജോ ഒഴികെയുള്ള പ്രതികളെ ഞായറാഴ്ച തെളിവെടുപ്പിന് എത്തിച്ചില്ല. സിൻജോ ജോണ്‍സനാണ് സിദ്ധാർഥിനെ ആള്‍ക്കൂട്ടവിചാരണ ചെയ്യാനുള്ള ആസൂത്രണങ്ങളൊരുക്കിയതും ആളുകളെ വിളിച്ചുകൂട്ടിയതും പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഹോസ്റ്റലിലെ മറ്റു വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതും എന്നാണ് പറയപ്പെടുന്നത്. കല്പറ്റ ഡിവൈ.എസ്.പി ഓഫീസിലേക്ക് എത്തുമ്ബോള്‍ തൊട്ടുമുന്നില്‍ റോഡില്‍വെച്ചാണ് ഇയാളെ പോലീസ് പിടിച്ചത്. കീഴടങ്ങാനെത്തുന്നുണ്ടെന്ന വിവരം പോലീസിന് നേരത്തേ ലഭിച്ചിരുന്നു.
കേസില്‍ ഒരാളെ ബെംഗളൂരുവില്‍നിന്നും മറ്റൊരാളെ കൊല്ലത്തുനിന്നും നാലുപേരെ കല്പറ്റയില്‍ കീഴടങ്ങാനെത്തിയപ്പോഴുമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഒരു പ്രതി കല്പറ്റ ഡിവൈ.എസ്.പി. ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. പത്തനംതിട്ട, അടൂർ, കൃഷ്ണവിലാസം വീട്ടില്‍ ജെ. അജയ് (24), കൊല്ലം, പറവൂർ തെക്കുംഭാഗം ചെട്ടിയാൻവിളക്കം വീട്ടില്‍ എ. അല്‍ത്താഫ് (21), കോഴിക്കോട് പുതിയോട്ടുക്കര വീട്ടില്‍ വി. ആദിത്യൻ (20), മലപ്പുറം എടത്തോല കുരിക്കല്‍ ഇ.കെ. സൗദ് റിസാല്‍ (21), കൊല്ലം ഓടനാവട്ടം എളവൻകോട്ട് ‘സ്നേഹഭവനി’ല്‍ സിൻജോ ജോണ്‍സണ്‍ (22), മലപ്പുറം എടവണ്ണ മീമ്ബറ്റവീട്ടില്‍ എം. മുഹമ്മദ് ഡാനിഷ് (23), കൊല്ലം കിഴക്കുഭാഗം നാലുകെട്ട് വീട്ടില്‍ ആർ.എസ്. കാശിനാഥൻ (25) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലയാത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെംഗളൂരുവില്‍ പലയിടങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് ബന്ധുവീട്ടില്‍നിന്നാണ് പടിഞ്ഞാറത്തറ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. പി.സി. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുത്തത്. ആദിത്യൻ, സൗദ് റിസാല്‍, ഡാനിഷ് എന്നിവരെ കല്പറ്റയില്‍നിന്നാണ് പോലീസ് പിടികൂടുന്നത്. കാശിനാഥൻ അന്വേഷണ ഉദ്യോഗസ്ഥൻമുമ്ബാകെ കീഴടങ്ങി. ജില്ലാപോലീസ് മേധാവി ടി. നാരായണന്റെ മേല്‍നോട്ടത്തില്‍ കല്പറ്റ ഡിവൈ.എസ്.പി. ടി.എൻ. സജീവിനാണ് കേസിന്റെ അന്വേഷണച്ചുമതല.