തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ്ഗോപി. സിദ്ധാർത്ഥിന്റെ കുടുംബത്തെ നെടുമങ്ങാട്ടെ വീട്ടില്‍ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാവിന്റെ മരണത്തില്‍ കുറ്റക്കാർക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും സുരേഷ്ഗോപി കൂട്ടിച്ചേർത്തു. ‘സിദ്ധാർത്ഥിന്റെ മരണത്തിന്റെ ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവർക്കുമാണ്. സംസ്ഥാന സർക്കാരിന് ഒളിക്കാനും മറയ്ക്കാനുമില്ലെങ്കില്‍ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം.വളരെ നികൃഷ്ടവും പൈശാചികവുമായ ഒരു അവസ്ഥ വിദ്യാർത്ഥി രാഷ്ട്രീയ മേഖലയില്‍ വളരെ വർഷങ്ങളായി നമ്മള്‍ കാണുന്നുണ്ട്. ഓടിച്ചിട്ട് കൊല്ലുകയും എറിഞ്ഞു കൊല്ലുകയും ചെയ്യുന്നു. സൗഹൃദം വളർത്തേണ്ട പ്രായമാണ്. സത്യാവസ്ഥ ഉറപ്പായും കണ്ടെത്തണം. പ്രതികള്‍ അതിക്രൂരമായി ശിക്ഷിക്കപ്പെടണം. അവരുടെ അച്ഛനമ്മമാരെ ഓർത്തും ദുഃഖിക്കാനേ സാധിക്കൂ. അവരെന്ത് തെറ്റ് ചെയ്തു? ഇനി ഒരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കരുത്. ഒരു കുടുംബത്തിനും ഇങ്ങനെ ഒരു വേദന അനുഭവിക്കാൻ ഇടവരരുത്. മക്കളുള്ള എല്ലാ അച്ഛനമ്മമാരെയും ഈ സംഭവം വേദനിപ്പിച്ചു’- സുരേഷ് ഗോപി പറഞ്ഞു.