വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. ആത്മഹത്യ പ്രേരണകുറ്റം വിചാരണയിൽ പരിഗണിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കേസിലെ പ്രതികളായ മുഴുവൻ വിദ്യാർഥികൾക്കും ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ മുഴുവൻ വിദ്യാർഥികൾക്കും ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്ന വാദം അംഗീകരിച്ചാണിത്. ഉത്തരവ് നിരാശാജനകമാണെന്നും നിയമവഴിയിലൂടെ നേരിടുമെന്നും സിദ്ധാർഥന്റെ കുടുംബം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 വിദ്യാർഥികളെയാണ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തത്. ഇവരിൽ 19 വിദ്യാർഥികൾക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഒരു പ്രതിക്ക് സിബിഐ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.
കേസ് ഏറ്റെടുത്ത സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തങ്ങളുടെ കസ്റ്റഡി ആവശ്യമില്ല എന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. എന്നാൽ നിരാശാജനകമായ ഉത്തരവാണെന്നും പ്രതികളെ തുറുങ്കിലാക്കാൻ ഏതറ്റം വരെയും പോകുമെന്നും സിദ്ധാർഥന്റെ കുടുംബം പ്രതികരിച്ചു. കേസന്വേഷിക്കുന്ന സിബിഐയുടെയും ജാമ്യാപേക്ഷയിൽ കക്ഷി ചേർന്ന സിദ്ധാർഥന്റെ അമ്മയുടെയും വാദങ്ങൾ തളളിയാണ് കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്. ആത്മഹത്യ പ്രേരണ, റാഗിങ്, ദേഹോദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.