കൊച്ചി: സില്‍വർലൈനില്‍ പന്ത് വീണ്ടും സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്ക്. ദക്ഷിണ റെയില്‍വേയും കെ-റെയിലുമായി നടന്ന ചർച്ചയില്‍ സില്‍വർലൈൻ ബ്രോഡ്ഗേജിലാക്കണമെന്ന് റെയില്‍വേ നിർബന്ധം പിടിച്ചതോടെ വിശദപദ്ധതിരേഖയില്‍ സമ്ബൂർണ അഴിച്ചുപണി വേണ്ടിവരും.ഇത് സംസ്ഥാന സർക്കാരിന്റെ നയപരമായ കാര്യമായതിനാല്‍ മാറ്റത്തിന് അവർ സമ്മതം പറയണം. പദ്ധതിയുടെ മുന്നോട്ടുപോക്കിന് സംസ്ഥാനസർക്കാരിന്റെ ഈ തീരുമാനം നിർണായകം.ചർച്ചയ്ക്കുശേഷം വിശദാംശങ്ങളില്‍ കെ-റെയില്‍ ഉദ്യോഗസ്ഥർ വിവിധ തലങ്ങളില്‍ ആഭ്യന്തരചർച്ചകള്‍ തുടരുകയാണ്. റെയില്‍വേ മുന്നോട്ടുവെച്ച കാര്യങ്ങളിലാണ് കഴിഞ്ഞദിവസങ്ങളില്‍ ചർച്ച നടന്നത്.
സില്‍വർലൈൻ സ്റ്റാൻഡേർഡ് ഗേജില്‍നിന്ന് ബ്രോഡ്ഗേജാക്കണം, 50 കിലോമീറ്റർ ഇടവേളകളില്‍ നിലവിലെ പാതയുമായി സില്‍വർലൈൻ ബന്ധിപ്പിക്കണം, ചരക്ക് ഗതാഗതസൗകര്യം ഒരുക്കണം, വേഗം ശരാശരി 160 കിലോമീറ്റർ ആയിരിക്കണം എന്നിവയാണത്.എന്നാല്‍ സംസ്ഥാന സർക്കാരിന്റെ താത്പര്യപ്രകാരം തയ്യാറാക്കിയ ഡി.പി.ആറില്‍ വേഗം ശരാശരി 220 കിലോമീറ്റർ വരെ കിട്ടത്തക്കവിധം സ്റ്റാൻഡേർഡ് ഗേജിലുള്ളതാണ്. നിലവിലെ റെയില്‍വേ പാതയുമായി ബന്ധിപ്പിക്കുന്നുമില്ല. ഡി.പി.ആറിന് മാത്രം 29 കോടി രൂപയാണ് സംസ്ഥാനം മുടക്കിയത്. അതില്‍ അഴിച്ചുപണി എന്നത് വലിയ നഷ്ടമുണ്ടാക്കുന്നതാണ്.