മുംബൈ: നടി ശില്പാ ഷെട്ടിയെ ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർ പൊതുവേദിയിൽ ചുംബിച്ച സംഭവത്തിൽ നടിക്ക് അനുകൂലമായി കോടതി പരാമർശം. സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് ശില്പാ ഷെട്ടിക്ക് അനുകൂലമായി കോടതി പരാമർശം വന്നിരിക്കുന്നത്. നടി സംഭവത്തിൽ ഇര മാത്രമാണെന്നും സംഭവം നടന്ന പിറ്റേ ദിവസം തന്നെ തന്റെ ഭാഗം ശില്പ വ്യക്തമാക്കിയിരുന്നതായും കോടതി പരാമർശിച്ചു. മുംബയ് മെട്രോപൊളിറ്റൻ ജഡ്ജി കെത്കി ചവാന്റെതാണ് പരാമർശം.
പൊതുവേദിയിൽ അശ്ലീലത പ്രദർശിപ്പിച്ചെന്ന് കാണിച്ച് ശില്പാ ഷെട്ടിക്ക് എതിരായി ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും രണ്ട് കോടതികളിലായി മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. നടിയുടെ അഭ്യർത്ഥന പരിഗണിച്ച് മൂന്ന് കേസുകളും കൂടി മുംബയ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2007ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാജസ്ഥാനില്‍ എയിഡ്സ് രോഗവുമായി ബന്ധപ്പെട്ട ഒരു ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ റിച്ചാര്‍ഡ് ഗിയര്‍ പരിപാടിയുടെ അവതാരികയായിരുന്ന ശില്പാ ഷെട്ടിയെ ചുംബിക്കുകയായിരുന്നു. ഇത് അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുകയും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് റിച്ചാര്‍ഡ് ഗിയര്‍ തന്നെ ചുംബിച്ചതെന്ന് ശില്പാ ഷെട്ടി പരസ്യ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.