തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച തീരുമാനങ്ങളാകും ഇന്ന് കൈക്കൊള്ളുക.
നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ജനങ്ങളില്‍ നിന്നും ഭൂമി ഏറ്റെടുക്കൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നെേല വ്യക്തമാക്കിയിരുന്നു. സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎം ഊന്നിപ്പറയുന്നത്. പ്രതിഷേധക്കാര്‍ കല്ല് പിഴുതെടുത്താലും വേറെയും കല്ലുകിട്ടുമെന്നും കല്ലിന് ക്ഷാമമില്ലെന്നും കോടയേരി പരിഹാസമുയര്‍ത്തി. കളക്‌ട്രേറ്റിനുള്ളിലും സെക്രട്ടറിയേറ്റിനുള്ളിലും കയറി കല്ലിടുന്നു. ഇതെല്ലാം തല്ല് കിട്ടേണ്ട സമരരീതിയാണെന്നും പക്ഷേ പൊലീസ് സംയമനം പാലിച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല സര്‍ക്കാര്‍ നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ല. ആ കാലമൊക്കെ മാറിപ്പോയെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകും. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
‘സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. സമരം ചെയ്താല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് സര്‍ക്കാരിന്റെ ഭീഷണി. സമരക്കാരെ ഞങ്ങള്‍ കുരുതികൊടുക്കില്ല. ജയിലില്‍ പോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാണ്.’പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിയോട് സിപിഐക്കും ഇടത് സഹയാത്രികര്‍ക്കും എതിര്‍പ്പാണെന്നും വി ഡി സതീശന്‍ ഇന്നലെ പറഞ്ഞു.