കോട്ടയം : കെ റെയിൽ വിവാദത്തിൽ കുടുങ്ങിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം. പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺ കുമാറിനെയാണ് സ്ഥലം മാറ്റി ഉത്തരവ് പുറത്തിറക്കിയത്.
സിൽവർ ലൈൻ ബഫർസോണിലുള്ള കെട്ടിടത്തിന്റെ രണ്ടാം നില കെട്ടാൻ ആദ്യം പനച്ചിക്കാട് പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു. കെ റെയിൽ അനുമതി വേണമെന്നായിരുന്നു ആദ്യം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. എന്നാൽ അനുമതി വേണ്ടെന്ന് കെ റെയിൽ നിലപാടെടുത്തതോടെ പഞ്ചായത്ത് സെക്രട്ടറി നിർമ്മാണത്തിന് എൻഒസി നൽകുകയായിരുന്നു. ഈ വിവാദം സംസ്ഥാന തലത്തിൽ തന്നെ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം പനച്ചിക്കാട് കൊല്ലാടുള്ള ജിമ്മിയും സോനുവും വീടിന്റെ മുകളിലത്തെ നില പണിയാൻ അനുമതി തേടിയപ്പോഴാണ് കെ റെയിൽ ബഫർസോണിലാണ് സ്ഥലമുള്ളതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. കെ റെയിൽ എൻഒസി വേണമെന്നാവശ്യപ്പെട്ട് സിൽവർലൈൻ പ്രത്യേക തഹസിൽദാർക്ക് സെക്രട്ടറി നൽകിയ കത്ത് പുറത്തുവരികയും ചെയ്തു. അനുമതിക്കായി നിരവധി തവണ തഹസിൽദാറെ സമീപിച്ചിട്ടും ജിമ്മിക്ക് മറുപടി കിട്ടിയിരുന്നില്ല.
വാർത്ത പുറത്തുവന്നതിന് പിന്നാലെ കെ റെയിൽ വിശദീകരണം വന്നു. ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും അതിനാൽ നിർമ്മാണത്തിനോ കൈമാറ്റത്തിനോ പണയത്തിനോ അനുമതി വേണ്ടെന്നും കെ റെയിൽ അറിയിച്ചു. ഇതോടെ സർക്കാർ ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്ന് വിശദീകരിച്ച് പഞ്ചായത്ത് സെക്രട്ടറി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ പഞ്ചായത്ത് ഓഫീസിൽ എത്തിയ വീട്ടുടമസ്ഥന് നിർമ്മാണത്തിനാവശ്യമായ അനുമതി നൽകിയിരുന്നു.
വിഷയം രാഷ്ട്രീയ പോരിലേക്കും നയിച്ചു. വീട് സന്ദർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരളം കെ റെയിൽ എംഡിക്ക് തീറെഴുതിയെന്നാരോപിച്ചു. എന്നാൽ എംഎൽഎയും പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയും സെക്രട്ടറിയും ചേർന്നുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുക ചെയ്തു. ഈ വിഷയത്തിന് പിന്നാലെയാണ് ഇപ്പോൾ സെക്രട്ടറിയെ സ്ഥലം മാറ്റിയിരിക്കുന്നത്.