തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വ്വേക്കെതിരെ കൊല്ലത്ത് നാട്ടുകാര്‍ കൂട്ടആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിച്ചു. തഴുത്തലയിലെ പ്രദേശവാസികളാണ് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളത്തില്‍ ആദ്യമായി സ്ഥിരം സമര കേന്ദ്രം ആരംഭിച്ച ഇടമാണ് തഴുത്തല. പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലത്ത് ഇന്ന് വീണ്ടും കല്ലിടല്‍ പുനരാരംഭിക്കുന്നത്.
അജയകുമാര്‍ എന്നയാളുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചിരിക്കുന്നത്. തന്റെ മരണമൊഴിയെന്ന തരത്തില്‍ അദ്ദേഹം ജില്ലാ ജഡ്ജിക്ക് പരസ്യമായ കത്തെഴുതി മതിലില്‍ ഒട്ടിച്ചിട്ടുണ്ട്. ജീവനൊടുക്കാന്‍ വേണ്ടിത്തന്നെയാണ് സിലിണ്ടര്‍ തുറന്നുവച്ചിരിക്കുന്നതെന്ന് അജയകുമാര്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കലിലുള്ള സര്‍വേ അല്ലെന്ന് സര്‍ക്കാര്‍ പറയുന്നത് നുണയാണ്. രക്ഷയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും. കല്ലിട്ടാല്‍ ഞാന്‍ ഇന്ന് ഇവിടെ ആത്മഹത്യ ചെയ്യും. ഇന്ന് എന്റെ അവസാന ദിവസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മലപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ പറിച്ചെറിഞ്ഞ കല്ല് വീട്ടുകാര്‍ പുനഃസ്ഥാപിച്ചു. താനൂര്‍ വട്ടത്താണിയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞ അതിരടയാള കല്ല് വീട്ടുകാര്‍ പുനഃസ്ഥാപിച്ചത്. സിപിഎം ബോധവല്‍ക്കരണത്തെ തുടര്‍ന്നാണ് കല്ല് പുനഃസ്ഥാപിച്ചത്. മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ തരുമെന്ന് വിശ്വാസമുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ നേതാക്കള്‍ വീടു കയറി പ്രചാരണം നടത്തുകയാണ്.സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കോഴിക്കോട്ടും വീടുകയറി ബോധവത്കരണത്തിന് സിപിഎം തുടക്കമിട്ടിട്ടുണ്ട്. കോഴിക്കോട് നല്ലളത്താണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വീടുതോറും പ്രചരണപ്രവര്‍ത്തനം നടത്തിയത്. നേരത്തെ കല്ലിട്ട പ്രദേശങ്ങളിലുള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരെത്തി. പുറമേ നിന്ന് ആളുകളെയെത്തിച്ച് പദ്ധതി അട്ടിമറിക്കാനാണ് ശ്രമമെന്നും വികസന വിരുദ്ധരാണ് സമരത്തിന് പിന്നിലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ വീട് കയറിയുള്ള സില്‍വര്‍ ലൈന്‍ അനുകൂല പ്രചരണവുമായി മന്ത്രി സജി ചെറിയാന് രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്ത പ്രദേശങ്ങളില്‍ നേരിട്ടെത്തിയ മന്ത്രി സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി ഇടപെട്ട് പുനസ്ഥാപിച്ചു. പ്രതിഷേധമുയര്‍ന്ന ഭൂതംകുന്ന് കോളനിയില്‍ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.