ദില്ലി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്നാണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകി. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതൽ എത്തിക്കുന്നതിൽ ആലോചന പുരോഗമിക്കുന്നു.
ഭീകരാക്രമണത്തിനെതിരെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പൂട്ടുകയാണ് ഇന്ത്യ ആദ്യം സ്വീകരിച്ച നടപടി. ആദ്യം സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് റദ്ദാക്കി. അട്ടാരി വാഗ അതിര്‍ത്തി അടച്ചു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ശുഷ്കമായ വ്യാപാര ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു. മറുവശത്ത് ഷിംല കരാര്‍ റദ്ദാക്കിയും, വ്യോമപാത അടച്ചും പാകിസ്ഥാനും പ്രതിരോധം തീര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നിട്ടും പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ച്ചയായി. എന്തും സംഭവിക്കാമെന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ മാസം 7ന് അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകളില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തി. സിന്ദൂരം മാഞ്ഞുപോയ സഹോദരിമാര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പാക്കി.
സിന്ധു നദീജല കരാറിൻ്റെ പ്രസക്തി എന്താണ്?
കിഴക്കൻ പാകിസ്ഥാനിൽ കൃഷി, കുടിവെള്ളം, വൈദ്യുതോൽപ്പാദനം തുടങ്ങി പല ആവശ്യങ്ങൾക്കും പ്രധാനമാണ് സിന്ധു നദീജല കരാർ. ഇതിൽ നിന്ന് ഇന്ത്യ പിന്മാറിയത് പാകിസ്ഥാൻ്റെ കുടിവെള്ളം മുട്ടിക്കുക മാത്രമല്ല, കൃഷിയെയും സമ്പദ് വ്യവസ്ഥയെയും അത് സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ജലവിതരണത്തിനുള്ള ഉടമ്പടിയാണ് സിന്ധു നദീജല കരാർ.
1960 സെപ്റ്റംബർ 19ന് അന്നത്തെ പ്രധാനമന്ത്രി ജനഹർലാൽ നെഹ്റുവും പാകിസ്ഥാൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അയൂബ്ഖാനും ചേർന്ന് ഒപ്പുവച്ചതാണിത്. സിന്ധു നദിയിലെയും അതിന്റെ പോഷക നദികളിലെയും വെള്ളം ഉപയോഗിക്കുന്നതിനുള്ള കരാറാണിത്. 70 ശതമാനം വെള്ളം ലഭിക്കുന്ന പാകിസ്ഥാനാണ് കരാറിൻ്റെ വലിയ ഗുണഭോക്താവ്.
സിന്ധു നദിയുടെ പോഷക നദികളായ ബിയാസ്, രവി, സത്ലജ് നദികളുടെ വെള്ളത്തിന്റെ നിയന്ത്രണമാണ് കരാർ പ്രകാരം ഇന്ത്യക്കുള്ളത്. സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ വെള്ളത്തിന്റെ നിയന്ത്രണം പാകിസ്ഥാനുമാണ്. ജലസേചനം, വൈദ്യുതി, ഉൽപാദനം, സംഭരണം എന്നിവക്കായി ഈ നദികളിലെ വെള്ളം അതത് രാജ്യങ്ങൾക്ക് നിയന്ത്രണമില്ലാതെ ഉപയോഗിക്കാമെന്നതാണ് കരാറിൻ്റെ അന്തസത്ത. നേരത്തെ പല തർക്കങ്ങളും ഉണ്ടായപ്പോഴും സിന്ധു നദീജല കരാറിൽ ഇന്ത്യ കൈവച്ചിരുന്നില്ല. 1965ലെ യുദ്ധകാലത്തും ഈ കരാർ പ്രകാരമുള്ള ജലവിതരണം തടസപ്പെട്ടില്ല.