കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരുതരമാണെന്നു മന്ത്രി വി.എൻ വാസവൻ. വാവാ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണെന്നും, അദ്ദേഹം അപകട നില തരണം ചെയ്തിട്ടില്ലെന്നും വി.എൻ വാസവൻ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി വാവ സുരേഷിന്റെ നില വിലയിരുത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയത്തിന്റെ നില സാധാരണ നിലയിലായിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. എന്നാൽ അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. സിപിആർ നൽകിയത് ഗുണമായെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 5 മണിക്കൂർ നിർണ്ണായകമാണ്. അതിന് ശേഷമേ തലചോറിന്റെ പ്രവർത്തനം സംബന്ധിച്ച് പറയാനാകൂ. വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ഉച്ചയോടെയാണ് കുറിച്ചിയിൽ വച്ച് പാമ്പ് സ്നേഹിയായ വാവാ സുരേഷിനെ മൂർഖൻ കടിച്ചത്. കുറിച്ചിയിലെ വീട്ടിൽ നിന്നും പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടയിൽ കടിച്ചതിനെ തുടർന്നു പാമ്പ് പിടിവിട്ട് സമീപത്തെ കരിങ്കൽ കൂനയിലേയ്ക്കു കയറി. എന്നാൽ, പിന്നാലെ എത്തിയ സുരേഷ് പാമ്പിനെ പിടികൂടി ചാക്കിലാക്കി. ഇതിനു ശേഷമാണ് ഇദ്ദേഹം ആശുപത്രിയിലേയ്ക്കു പോകാൻ തയ്യാറായത്. എന്നാൽ, ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇദ്ദേഹത്തിന് ബോധം നഷ്ടമായി.
കോട്ടയം തിരുനക്കരയിലെ ഭാരത് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച സുരേഷിനെ ഇവിടെ വെന്റിലേറ്ററിലാക്കി. ആദ്യം ഇവിടെ ആന്റി വെനം നൽകുകയായിരുന്നു. തുടർന്നാണ്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലും വെന്റിലേറ്ററിൽ തന്നെ സുരേഷ് തുടരുകയാണ്.