കോട്ടയം : കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളജ് മെഡിക്കൽ ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിൻ്റെ ആരോഗ്യനിലയുടെ പുരോഗിതിയെക്കുറിച്ച് അറിയിക്കുന്നതിനായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട്
ഡോ:റ്റി കെ ജയകുമാർ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് ആരോഗ്യ സ്ഥിതി വിവരിച്ചത്.
പാമ്പ് കടിയേറ്റ സുരേഷിന്റെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ സഹായം തുടരുകയാണ്. ചിലപ്പോൾ ഒരാഴ്ചവരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാം. ആന്റിവനം ചികിത്സ തുടരും, തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തി വരുന്നുവെന്നും ആശുപത്രി സുപ്രണ്ട് ഡോ കെ പി ജയകുമാർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
48മണിക്കൂർ നിർണായകമാണന്നും ഡോക്ടർമാർ പറഞ്ഞു. ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടും, ഇന്ന് രാവിലെയും സുരേഷിൻ്റെ ആരോഗ്യ നില അല്പം ആശങ്ക നിറഞ്ഞിരുന്നതായിരുന്നു എങ്കിലും ഇന്നുച്ചയോടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി ഡോക്ടർമാർ പറഞ്ഞു.
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. രാവിലെ ദ്രാവകരൂപത്തിൽ ഭക്ഷണം നൽകിയതായി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍ മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടിലെ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടയിട്ടിരുന്ന കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു.
എന്നാൽ , ശനിയാഴ്ചയാണ് സുരേഷ് എത്തിയത്. സുരേഷ് എത്തിയ ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്.