വീട്ടില്‍ അടയിരുത്തി വിരിയിച്ച്‌ ഇറക്കിയത് പത്ത് മലമ്പാമ്പിൻ കുഞ്ഞുങ്ങളെ ; മുട്ട വിരിയിക്കാൻ സൗകര്യമൊരുക്കിയത് വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെ

തുറവൂർ : മലമ്പാമ്പിനൊപ്പം ലഭിച്ച മുട്ടകള്‍ വീട്ടില്‍ വിരിയിച്ച്‌ പാമ്പ് പിടുത്ത വിദഗ്ദ്ധൻ.പട്ടണക്കാട് പാറയില്‍ കുര്യൻ ചിറ തമ്പിയാണ് വീട്ടില്‍ മലമ്പാമ്പിനെ അടയിരുത്തി പത്ത് കുഞ്ഞുങ്ങളെ വിരിയിച്ച്‌ ഇറക്കിയത്.ഒരു മാസം മുൻപ് പടിഞ്ഞാറെ മനക്കോടത്ത് ഒരു പുരയിടത്തിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച്‌ നീക്കുന്നതിനിടെയാണ് മലമ്പാമ്പിനെ തമ്പി പിടികൂടിയത്. 40മുട്ടകളും ഈ പാമ്പിന്റെ സമീപത്ത് നിന്ന് ലഭിച്ചിരുന്നു. പാമ്പിനെ കാട്ടില്‍ വിടാനായിരുന്നു തമ്പിയുടെ പ്ലാൻ. എന്നാല്‍ കാട്ടിലാക്കിയാല്‍ മുട്ട കേടാകുമെന്നും അത് വിരിയില്ലെന്നും മനസ്സിലാക്കിയ തമ്പി അവയെല്ലാം തന്റെ വീട്ടിലെത്തിച്ചു. വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെ പാമ്പ് അടയിരുന്ന് മുട്ട വിരിയിക്കാൻ പ്രത്യേക സൗകര്യമൊരുക്കി, കഴിഞ്ഞ ദിവസമാണ് മുട്ടകള്‍ ഓരോന്നായി വിരിഞ്ഞു തുടങ്ങിയത്. ബാക്കിയുള്ള മുട്ടകളും ഉടനെ വിരിയുമെന്നാണ് പ്രതീക്ഷയെന്ന് തമ്പി പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയ്ക്ക് തമ്പിയുടെ വീട്ടിലെത്തി പാമ്പിൻ കുഞ്ഞുങ്ങളെ കാട്ടില്‍ വിടാനായി കൊണ്ടുപോയി ഇവരുടെ അനുവാദത്തോടെ വലിയ പാമ്പിനെ തമ്പി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുറവൂർ ജംഗ്ഷനില്‍ തയ്യല്‍ക്കട നടത്തുന്ന തമ്പി ഇതിനകം ചേർത്തല താലൂക്കിൻ്റെ വടക്കൻ മേഖലയില്‍ നിന്ന് നിരവധി പാമ്പുകളെ പിടികൂടി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. പാമ്പുപിടുത്തത്തില്‍ വനം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട് .

Advertisements

Hot Topics

Related Articles