ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയ്ക്കിടയിലേതെന്ന പേരിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വ്യാജ ചിത്രം പ്രചരിക്കുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് വ്യാജ പ്രചാരണം. യാത്രയ്ക്കിടെയുള്ള കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ചിത്രം എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. കുറച്ച് പെൺകുട്ടികൾക്കൊപ്പം ശശി തരൂർ ഇരിക്കുന്ന ചിത്രമാണിത്. തരൂർ എപ്പോഴും തിരക്കിലാണെന്ന പരിഹാസ്യമായ ക്യാപ്ഷനോട് കൂടിയാണ് വ്യാജ പ്രചാരണം. ഈ ചിത്രത്തിന് യഥാർത്ഥത്തിൽ മൂന്ന് വർഷത്തെ പഴക്കമുണ്ട്.
2019 ൽ തരൂരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇതേ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. ‘ഗ്ലോബൽ ഗവേണൻസ്’ എന്ന വിഷയത്തിൽ ബുസെറിയസ് സമ്മർ സ്കൂളിൽ അദ്ദേഹം നടത്തിയ വാർഷിക പ്രഭാഷണത്തിനിടെ എടുത്ത ചിത്രമാണിത്.