ആരാണ് സോഷ്യൽ മീഡിയയിലെ തൊപ്പി ; ഇത്തരം തൊപ്പികൾ എങ്ങിനെയാണ് പുതു തലമുറയെ ബാധിക്കുന്നത് ; കരുതിയിരിക്കാംപുതു തലമുറയുടെ നല്ല ഭാവിക്കായി

ന്യൂസ് ഡെസ്ക് : സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് യൂട്യൂബര്‍ ‘തൊപ്പി’. സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല, നിലവില്‍ അതിന് പുറത്തും ‘തൊപ്പി’ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.
പ്രത്യേകിച്ച്‌ അശ്ലീല പദപ്രയോഗങ്ങളുടെയും ഗതാഗത തടസമുണ്ടാക്കിയതിന്‍റെയും പേരില്‍ കേസ് കൂടി വന്നതോടെ ഇപ്പോള്‍ ‘തൊപ്പി’യെ കുറിച്ച്‌ അറിയാത്തവര്‍ പോലും ഇദ്ദേഹത്തെ കുറിച്ച്‌ അന്വേഷിക്കുകയാണ്.

Advertisements

കണ്ണൂര്‍ സ്വദേശിയായ നിഹാദ് എന്ന യുവാവാണ് ‘തൊപ്പി’ എന്ന പേരില്‍ അറിയപ്പെടുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് നിഹാദ് പ്രശസ്തനായത്. ഗെയിമര്‍ എന്ന നിലയില്‍ ഏറെ കഴിവുള്ള വ്യക്തിയാണ് നിഹാദ് എന്നാണ് ഇദ്ദേഹത്തിന്‍റെ ആരാധകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം യൂട്യൂബ് ചാനലിലൂടെ അശ്ലീല പദപ്രയോഗം, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍, വെല്ലുവിളികള്‍- എല്ലാം നടത്തുന്ന ‘തൊപ്പി’യെ അംഗീകരിക്കാനാകില്ലെന്ന രീതിയിലാണ് മറുവിഭാഗം വാദിക്കുന്നത്. എന്തായാലും ഇപ്പോള്‍ കേസ് വന്നതോടെ അല്‍പം കൂടി ഗൗരവമായിത്തന്നെ നിരവധി പേര്‍ ‘തൊപ്പി’യെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊപ്പിയെ ആരാധിക്കുന്നവര്‍, പ്രത്യേകിച്ച്‌ 18 വയസിന് താഴെയുള്ളവര്‍ അറിയുന്നതിന്- അല്ലെങ്കില്‍ അവരുടെ മാതാപിതാക്കള്‍ മനസിലാക്കുന്നതിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രിയ വര്‍ഗീസ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖം ശ്രദ്ധിക്കാം…

”നമ്മള്‍ സമൂഹത്തില്‍ പല തരത്തിലുള്ള ആളുകളുമായി ഇടപഴകുന്നുണ്ട്. പല പ്രായത്തിലുള്ളവര്‍, പല ജെൻഡറിലുള്ളവര്‍, പല മേഖലളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം ഇതിലുള്‍പ്പെടും. ഇങ്ങനെ പല തരത്തിലുള്ള ആളുകളുമായി ഇടപഴകുമ്ബോള്‍ ചില കണ്ടീഷൻസ് നാം വയ്ക്കേണ്ടതുണ്ട്. ചില മര്യാദകള്‍ നാം പാലിക്കേണ്ടതായി വരാം. അത് എന്തുകൊണ്ടാണ്?…

…മറ്റൊരാളുടെ വികാരത്തെ നാം വ്രണപ്പെടുത്താൻ പാടില്ല. മറ്റൊരാള്‍ക്ക് ദോഷകരമാകുന്ന കാര്യം നാം ചെയ്യാൻ പാടില്ല. മറ്റൊരാളെ ബഹുമാനിക്കുമ്ബോഴും അയാളെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കുകയും ചെയ്യുമ്ബോഴാണ് നമുക്ക് നല്ലൊരു സമൂഹമായി മാറാൻ കഴിയുന്നത്….

…പക്ഷേ ഒന്നാലോചിച്ചുനോക്കൂ, നമുക്ക് എന്ത് പറയണം, എങ്ങനെ പ്രവര്‍ത്തിക്കണം എന്ന കാര്യത്തില്‍ യാതൊരു വേര്‍തിരിവുമില്ലാതെ ഒരു മടിയുമില്ലാതെ ആയാലോ. നമുക്ക് എന്ത് മനസില്‍ തോന്നുന്നു- അത് ആരാണ് മുന്നില്‍ നില്‍ക്കുന്നത് എന്നത് ശ്രദ്ധിക്കാതെ പറയുന്നു എന്ന് കരുതുക, അല്ലെങ്കില്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്തൊരു പ്രവര്‍ത്തി ഇതുപോലെ ചെയ്യുന്നു എന്ന് കരുതുക. തീര്‍ച്ചയായും അതിന് ഭവിഷ്യത്തുകളുണ്ട്. അത് നമ്മള്‍ നേരിടേണ്ടി വരും. മറ്റൊരാള്‍ക്കെതിരെയുള്ള അതിക്രമം ഉദാഹരണമായി എടുക്കാം. നമ്മളങ്ങനെ ചെയ്താല്‍ അത് നിയമത്തിന് എതിരല്ലേ? ഭരണഘടനയ്ക്ക് തന്നെ എതിരല്ലേ? സ്വാഭാവികമായും അത് ചെയ്താല്‍ അതിനുള്ള ശിക്ഷ നമ്മള്‍ അനുഭവിക്കേണ്ടി വരാം….

…ഇങ്ങനെ നമ്മള്‍ സംസാരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമൊന്നും അതിര്‍വരമ്ബുകളില്ലാതെ നമ്മള്‍ തോന്നിയതുപോലെ മുന്നോട്ട് പോവുകയാണെന്ന് വിചാരിക്കുക. അത് നമ്മളെ മാത്രമല്ല- നമ്മളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരെയും ബാധിക്കാം…

…മാതാപിതാക്കളോട് എങ്ങനെ പെരുമാറണം, സുഹൃത്തുക്കളോട് എങ്ങനെ പെരുമാറണം, അതുപോലെ അധ്യാപകരോട്, ജോലിസ്ഥലത്തുള്ള ആളുകളോട് ഒക്കെ പെരുമാറേണ്ടതിന് ഓരോ രീതിയുണ്ട്. പക്ഷേ ഇതിനൊക്കെ വിരുദ്ധമായി തൊപ്പിയെ പോലെയൊക്കെ നമുക്ക് മുമ്പില്‍ ചിലര്‍ വ്യത്യസ്തമായി അവതരിക്കാം. അദ്ദേഹം, അല്ലെങ്കില്‍ അദ്ദേഹത്തെ പോലെ പലരും തങ്ങളുടെ ചില പശ്ചാത്തലങ്ങള്‍ കൊണ്ടാകാം ഇങ്ങനെയെല്ലാം ആയി വരുന്നത്…

ഞ‌ാൻ അദ്ദേഹത്തിന്‍റെ ചില വീഡിയോകളും ഇന്‍റര്‍വ്യൂവും കണ്ടിരുന്നു. അവ കണ്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പൊതുവെ ഒരു ഇൻഹിബിഷൻ, അതായത് സംസാരിക്കുന്നതിലോ പെരുമാറുന്നതിലോ നിയന്ത്രണമില്ലായ്മ ഉള്ളതായി എനിക്ക് തോന്നി. സാധാരണ മാനിയയിലോ അതുപോലെ ചില സന്ദര്‍ഭങ്ങളിലോ ആണ് ഇങ്ങനെ വ്യക്തികളില്‍ പ്രകടമാകാറ്. പക്ഷേ ഇദ്ദേഹത്തിന്‍റെ കാര്യത്തില്‍ നമുക്ക് അങ്ങനെയൊന്നും പറയാൻ സാധിക്കില്ലല്ലോ. നമ്മള്‍ പുറത്തിരുന്ന് കാണുകയാണ്. അതില്‍ നിന്നുള്ള ചില നിരീക്ഷണങ്ങളാണ് നമുക്കുള്ളത്.

ഇദ്ദേഹം മുറിയില്‍ തന്നെയാണ് ഇരിക്കാറ് എന്നും പുറത്തിറങ്ങിയാല്‍ ആളുകള്‍ എന്ത് പറയുമെന്ന പ്രശ്നമുണ്ട്, ആളുകള്‍ പ്രത്യേകരീതിയില്‍ നോക്കുന്നതായി തോന്നുന്നു എന്നുമൊക്കെ പറയുന്നുണ്ട്. എന്താണ് പറയേണ്ടത് എന്നോ പറയേണ്ടാത്തത് എന്നോ വേര്‍തിരിച്ചറിവില്ലാത്തത് പോലെ. ഇതെല്ലാം ഒരുപക്ഷേ അദ്ദേഹം വളര്‍ന്നുവന്ന സാഹചര്യം നല്‍കിയ മാനസികാവസ്ഥ ആയിരിക്കാം. അങ്ങനെയാണെങ്കില്‍ നമുക്ക് ധാര്‍മ്മികമായി അദ്ദേഹത്തെ കുറ്റപ്പെടുത്താൻ സാധിക്കില്ല…

…പക്ഷേ ഇതിനകത്തുള്ളൊരു അപകടം എന്താണെന്ന് വച്ചാല്‍, ഇദ്ദേഹത്തെ അന്ധമായി ആരാധിക്കുന്ന വിഭാഗം ആണ്. ഒരു വ്യക്തി അയാളുടേതായ കാരണങ്ങള്‍ കൊണ്ട് വ്യത്യസ്തമായൊരു മാനസിക- പരിസ്ഥിതിയിലേക്ക് എത്തുന്നു എന്നതില്‍ നേരത്തെ പറഞ്ഞതുപോലെ നമുക്ക് കുറ്റപ്പെടുത്താൻ സാധിക്കില്ല. എന്നാല്‍ ആ സാഹചര്യങ്ങളൊന്നുമില്ലാത്ത ഒരു വിഭാഗം ആളുകള്‍ അതിനെ പിന്തുണയ്ക്കുകയും അതിനെ മാതൃകവത്കരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നത്- പ്രത്യേകിച്ച്‌ കുട്ടികള്‍ ചെയ്യുന്നത് അനാരോഗ്യകരമാണെന്ന് പറയേണ്ടിവരും…

…ഇദ്ദേഹം പറയുന്ന മോശമായൊരു വാക്ക്-അല്ലെങ്കില്‍ കാര്യം ഒരു കുട്ടി നല്ലതായി എടുക്കുമ്ബോള്‍ അത് ഭാവിയില്‍ അവന് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്‌ ഒരിക്കലും അവന് ചിന്തിക്കാൻ സാധിക്കില്ല. അവരുടെ ലോകം ചിലപ്പോള്‍ യൂട്യൂബോ, സോഷ്യല്‍ മീഡിയയോ ഒക്കെയായിരിക്കും. ഇതെല്ലാം സമൂഹത്തില്‍ എത്രമാത്രം പ്രശ്നം തനിക്കുണ്ടാക്കാം, തന്‍റെ വ്യക്തിത്വം എത്രമാത്രം ബാധിക്കപ്പെടാം എന്നൊന്നും ചിന്തിക്കാനുള്ള പാകതയില്ല….

…ഇവിടെയാണ് മുതിര്‍ന്നവരുടെ റോള്‍ വരുന്നത്. വളരെ സ്നേഹപൂര്‍വം തന്നെ മാതാപിതാക്കളായാലും സഹോദരങ്ങളായാലും മുതിര്‍ന്നവര്‍ കുട്ടികളെ ഇക്കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കണം. തീര്‍ച്ചയായും പറയേണ്ട രീതിയിലാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ കുട്ടികള്‍ അത് മനസിലാക്കുക തന്നെ ചെയ്യും. സമൂഹത്തിന്‍റെ അതിര്‍വരമ്ബുകളെന്താണ്, എന്തെല്ലാം നമുക്ക് സംസാരിക്കാം, എന്തെല്ലാം സംസാരിച്ചുകൂട, എങ്ങനെ പെരുമാറണം എന്നൊക്കെയുള്ള കാര്യങ്ങളില്‍ കൗമാരക്കാര്‍ക്ക് നമ്മള്‍ കൃത്യമായ ധാരണ നല്‍കിയിരിക്കണം….

…നമ്മുടെ അവകാശങ്ങളോ ആവശ്യങ്ങളോ നേടിയെടുക്കേണ്ടത് ഇങ്ങനെ മോശം വാക്കുകള്‍ പറഞ്ഞുകൊണ്ടോ, മോശം പെരുമാറ്റത്തിലൂടെയോ ആകണം എന്നൊരു നിഷേധാത്മകമായ ചിന്ത കൗമാരക്കാരില്‍ ഉണ്ടാകാം. അവയെല്ലാം കുറെക്കൂടി ആളിക്കത്തിക്കുന്നതിന് ഇതുപോലെയുള്ള വ്യക്തികളോടുള്ള ആരാധന കാരണമാകും….

…അധികവും ഫോണിന്‍റെ അമിതോപയോഗം തന്നെയാണ് കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇത് അവര്‍ തന്നെ തിരിച്ചറിയണമെന്നില്ല. മാതാപിതാക്കള്‍ പറയുമ്ബോഴാകട്ടെ, അവര്‍ അംഗീകരിക്കുകയുമില്ല. ഒരുപാട് ഇത് കുട്ടികളുടെ ഭാവി തന്നെ പ്രശ്നത്തിലാക്കാം. ഏത് വ്യക്തിയോടായാലും, താരങ്ങളോടായാലുമെല്ലാം ആരാധന തോന്നാം. അത് അതിര് കടക്കരുത്. മറ്റൊന്നിനെ പോലെയാകാൻ ശ്രമിക്കാതെ, അതിനെ നിരീക്ഷിച്ച്‌ മാറിനിന്ന്, നമ്മള്‍ നമ്മളായി തന്നെ നില്‍ക്കാൻ സാധിക്കണം….

…അല്ലെങ്കിലേ കുട്ടികള്‍ ഒരുപാട് ഫ്രസ്ട്രേഷൻ, സ്ട്രെസ് ഒക്കെ അനുഭവിക്കുന്ന കാലമാണിത്. അങ്ങനെ എത്രയോ കേസുകള്‍ നമുക്ക് മുമ്ബില്‍ വരാറുണ്ട്. ഒരുപാട് കുട്ടികളെ പെരുമാറ്റ പ്രശ്നങ്ങള്‍, പഠിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥ, മാതാപിതാക്കളോട് പെരുമാറാൻ അറിയാത്ത അവസ്ഥ എന്നിങ്ങനെയെല്ലാമുള്ള പ്രശ്നങ്ങളാല്‍ കൊണ്ടുവരാറുണ്ട്…

…പല കുട്ടികളും ദേഷ്യം അടക്കാനാകാതെ വരുമ്ബോള്‍ എന്തെങ്കിലും തല്ലിപ്പൊട്ടിക്കുക, ബഹളമുണ്ടാക്കുക, അക്രമവാസന കാണിക്കുക – എല്ലാം ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം കൂടുതല്‍ സങ്കീര്‍ണമാകാൻ തൊപ്പിയെ പോലുള്ള മാതൃകകള്‍ തീര്‍ച്ചയായും കാരണമാകും….

…എല്ലാവരും ഇതുപോലെ പെട്ടെന്ന് ബഹളം വയ്ക്കുകയും ദേഷ്യപ്പെടുകയും മോശം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നവരായി മാറുന്നത് ഒന്ന് സങ്കല്‍പിച്ചുനോക്കൂ. നിങ്ങള്‍ക്ക് തന്നെ അത് ഉള്‍ക്കൊള്ളാൻ സാധിക്കുന്നുണ്ടായിരിക്കില്ല. മാത്രമല്ല- അത് സമാധാനപരമായ മാനസികാവസ്ഥയല്ല നമുക്ക് ഉണ്ടാക്കുക. പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്, പ്രതികൂല അവസ്ഥകളുണ്ടാകുന്നതെല്ലാം സ്വാഭാവികമാണ്. എന്നാല്‍ ശാന്തതയോടെയും ബുദ്ധിപരമായും അവയെ പരിഹരിക്കാനുള്ള പരിശീലനമാണ് നമ്മള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത്….”- പ്രിയ വര്‍ഗീസ് പറയുന്നു

Hot Topics

Related Articles