ആലപ്പുഴ: യു.പ്രതിഭ എം എൽ എയ്ക്കെതിരെ അച്ചടക്കനടപടിക്ക് സി.പി.എം,പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം നടപടി. തുടർച്ചയായ പരസ്യ വിമർശനങ്ങളിൽ യു. പ്രതിഭ എം എൽ എയ്ക്കെതിരെ അച്ചടക്കനടപടിക്ക്
സി പി എം. പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം ജില്ലാ കമ്മിറ്റി കൂടി നടപടിയെടുക്കും. കായംകുളം ഏരിയ കമ്മിറ്റിയുടെ അടക്കം ശക്തമായ സമ്മർദത്തെ തുടർന്നാണ് തീരുമാനം.
സി പി എം ഏരിയ കമ്മിറ്റി അംഗം കൂടിയാണ് യു. പ്രതിഭ. എം എൽ എയുടേത് സംഘടനാ വിരുദ്ധ നടപടിയാണ്. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും തുറന്നു പറയുന്നു. വോട്ട് ചോർച്ച ഉൾപ്പെടെ ഗൗരവമുള്ള കാര്യങ്ങൾ പറയേണ്ട സമയങ്ങളിൽ പറഞ്ഞില്ല. പാർട്ടി ഫോറത്തിന് പുറത്ത് ബോധപൂർവ്വം എല്ലാം ചർച്ചയാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാദം ആയ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ എം എൽ എയോട്, സി പി എം ജില്ലാ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമായിരുന്നില്ലെങ്കിലും സംസ്ഥാന സമ്മേളനം അടുത്തിരിക്കെ നടപടിക്ക് പാർട്ടി മുതിർന്നില്ല. മാത്രമല്ല, എല്ലാം ഏറ്റുപറഞ്ഞ് ഫേസ്ബുക്ക് അക്കൗണ്ട് പോലും എം എൽ എ ഉപേക്ഷിച്ചിരുന്നു. വിവാദങ്ങൾ അവസാനിച്ചുവെന്നിരിക്കെയാണ് കഴിഞ്ഞദിവസം, പൊതുവേദിയിൽ വീണ്ടും പരസ്യ വിമർശനവുമായി പ്രതിഭ രംഗത്തെത്തിയത്.
ഇതോടെ കായംകുളത്തെ പാർട്ടി ഔദ്യോഗിക വിഭാഗം അടക്കം എം എൽ എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി. തരംതാഴ്ത്തൽ പോലെ ശക്തമായ നടപടി പ്രതിഭയ്ക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന. പാർട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് യു പ്രതിഭാ എംഎൽഎ വിമർശിച്ചു.അതാരാണെന്ന് അവർക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമാണെന്നും യു പ്രതിഭ പറഞ്ഞു.
കേഡർ പാർട്ടിയിൽ നിന്ന് പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാട് ഉള്ളത് കൊണ്ടാണ്. പലപ്പോഴും പാർട്ടിയിൽ നിന്ന് മാറ്റി നിർത്തലുകളുണ്ടായി. പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ വിഴുങ്ങേണ്ടതായി വന്നിട്ടുണ്ടെന്നും യു പ്രതിഭ പറഞ്ഞു.