ദില്ലി: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സിലെ ഇരട്ട ഉപഗ്രഹങ്ങള്‍ വിജയകരമായി വേര്‍പെടുത്തിയ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ‘ഇസ്രൊ ടീമിന് അഭിനന്ദനങ്ങള്‍, എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിത്. സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ അവിശ്വസനീയമായ ഡീ-ഡോക്കിംഗ് പൂര്‍ത്തിയായിരിക്കുന്നു. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍ എന്നീ ഇന്ത്യയുടെ സ്വപ്ന പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് വഴി തുറക്കുന്ന വിജയമാണ്’- എന്നും ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു. എല്ലാ പിന്തുണയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദേഹം നന്ദി പറഞ്ഞു.
ഇന്ന് (മാര്‍ച്ച് 13) രാവിലെ 9.15-ഓടെ ഉപഗ്രഹങ്ങളെ വേർപ്പെടുത്തുന്ന ഡീ-ഡോക്കിംഗ് (അൺഡോക്കിംഗ്) പ്രക്രിയ ഇസ്രൊ വിജയകരമായി പൂർത്തിയാക്കി. എന്നാല്‍ രണ്ട് ഉപഗ്രഹങ്ങൾ തമ്മിൽ ഊർജ്ജക്കൈമാറ്റം നടത്തുന്ന പവർ ട്രാൻസ്ഫർ പരീക്ഷണം നിലവിൽ പൂർത്തിയാക്കിയിട്ടില്ല. അധികം വൈകാതെ ഉപഗ്രഹങ്ങളെ വീണ്ടും കൂട്ടിച്ചേർത്ത് മറ്റൊരു ഡോക്കിംഗ് പരീക്ഷണം ഐഎസ്ആര്‍ഒ നടത്തും. ഇതിന് ശേഷം ഇസ്രൊ ഊർജ്ജക്കൈമാറ്റ പരീക്ഷണവും നടത്തുമെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തില്‍ എസ്‌ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ഊര്‍ജ്ജക്കൈമാറ്റം നടത്തുകയും വേര്‍പെടുത്തുകയുമാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരുന്നത്. 2025 ജനുവരി 16-ന് രാജ്യത്തിന്‍റെ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയിരുന്നു.
അന്ന് കൂട്ടിച്ചേര്‍ത്ത SDX 01, SDX 02 എന്നീ ഉപഗ്രഹങ്ങളെയാണ് ഇപ്പോള്‍ വിജയകരമായി ബഹിരാകാശത്ത് വച്ച് വേര്‍പെടുത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒയ്ക്ക് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍ എന്ന സ്വപ്ന ദൗത്യങ്ങള്‍ക്ക് നിര്‍ണായകമാണ് ഈ ഡീ-ഡോക്കിംഗ് സാങ്കേതികവിദ്യ.