തിരുവനന്തപുരം: സോളാർ ഉത്പാദകർക്ക് മിച്ചവൈദ്യുതിയുടെ പണം നല്‍കാതെ അവരോട് അടുത്ത ബില്ലിന് വീണ്ടും പണമടയ്ക്കാൻ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ.ഇക്കാര്യത്തില്‍ ബുധനാഴ്ച നടന്ന തെളിവെടുപ്പില്‍ത്തന്നെ ബോർഡ് വിശദീകരണം നല്‍കണമെന്ന് കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് ആവശ്യപ്പെട്ടു. എന്നാല്‍, മറുപടിക്കായി ബോർഡ് സാവകാശം തേടി. പുനരുപയോഗ ഊർജ ചട്ടങ്ങളുടെ ഭേദഗതി സംബന്ധിച്ച തെളിവെടുപ്പിലായിരുന്നു സോളാർ ഉത്പാദകരുടെ പ്രതിഷേധം. ബില്ലിങ് രീതി മാറ്റരുതെന്ന ആവശ്യമാണ് മുഖ്യമായും ഉയർന്നത്.
ഉത്പാദകർ ആവശ്യമുള്ളതിനെക്കാള്‍ കൂടുതലായി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 2.69 രൂപ നിരക്കില്‍ ബോർഡ് നല്‍കണം. സാമ്പത്തിക വർഷാവസാനമാണ് ഇത് കണക്കാക്കുന്നത്. എന്നാല്‍, ഈ പണം ഉത്പാദകർക്ക് കൈമാറാതെത്തന്നെ അടുത്ത ബില്ലിന് ഉത്പാദകരില്‍നിന്ന് പണം ഈടാക്കുകയാണ്. അടുത്ത ബില്ലുകളില്‍ ഇത് തട്ടിക്കിഴിക്കാറുമില്ല. പണം കിട്ടാൻ ഓരോ തവണയും അപേക്ഷിക്കണം. ഇത് അന്യായമാണെന്ന് ഉത്പാദകർ പറഞ്ഞു. ട്രാൻസ്‌ഫോമറിന്റെ ശേഷിയുടെ 90 ശതമാനം സോളാർ പ്ലാന്റുകള്‍ അനുവദിക്കണമെന്ന കമ്മിഷന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് ബോർഡ് അറിയിച്ചു. നിലവിലുള്ള 75 ശതമാനം മതി. സോളാർ പ്ലാന്റുകള്‍ വ്യാപകമാകുന്നതോടെ ബോർഡിനുണ്ടാകുന്ന സാങ്കേതിക, വാണിജ്യപ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച സമിതി ജൂണ്‍ 10-നകം റിപ്പോർട്ട് നല്‍കുമെന്നും മറുപടിക്കായി അതുവരെ സമയം വേണമെന്നും ബോർഡ് ആവശ്യപ്പെട്ടത് കമ്മിഷൻ അംഗീകരിച്ചു. തെളിവെടുപ്പില്‍ പങ്കെടുത്തവർക്ക് കൂടുതല്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാൻ 10 ദിവസംകൂടി അനുവദിച്ചു.