തിരുവല്ല: മരണത്തിന്റെ ആഴങ്ങളിൽ സോമൻ തപ്പിയെടുക്കുന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു. ആകാശം മുട്ടുന്ന തെങ്ങിന്റെ തുഞ്ചത്ത് തൂങ്ങിയാടുന്ന തലപ്പുതൊട്ടാണ് സോമൻ വളർന്നത്. കാലിൽ തളപ്പിട്ട് ഉയരത്തിലേയ്ക്കു കയറിയ സോമന്റെ പിൽക്കാല ജീവിതം ആഴങ്ങളിലിറങ്ങി മരണത്തെ കണ്ടെത്താനായി മാറ്റി വയ്ക്കപ്പെടുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയിൽ നിന്നും കെ.എസ്.ഇബിയുടെ കരാർ തൊഴിലാളിയായി മാറിയ സോമന്റെ ജീവിതം തന്നെ തകർത്തത് കൈവിട്ട ഒരു കമ്പിയായിരുന്നു.
ഒപ്പം ജോലി ചെയ്തയാളുടെ പിടിവിട്ട് തെറിച്ച വയർ സോമന്റെ കണ്ണിൽ തറച്ചു കയറി കാഴ്ച നശിച്ചു. ഒരു കണ്ണിന്റെ മാത്രം കാഴ്ച കൈമുതലാക്കി സോമനിറങ്ങുന്നു വിറങ്ങലിച്ചു കിടക്കുന്ന മനുഷ്യശരീരങ്ങളിലെ ദുരൂഹത നീക്കാൻ പൊലീസിനു വഴികാട്ടാൻ. അതേ പത്തനംതിട്ടയിലെ പൊലീസ് പട്ടികയിലുള്ള മരണങ്ങളിലെല്ലാം, ആ മറനീക്കിയ ദുരൂഹ മരണങ്ങളുടെയെല്ലാം പിന്നിൽ സോമന്റെ കയ്യുണ്ടായിരുന്നു. സ്വന്തം പ്രാരാബ്ദങ്ങളുടെ വേലിക്കെട്ടുകൾക്കിടയിലും പൊലീസിനു വേണ്ടി സോമൻ ആഴങ്ങളിൽ മുങ്ങിത്തപ്പുകയാണ് ദൂരൂഹ മരണങ്ങളുടെ കെട്ടഴിക്കാൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസിന്റെ സ്വന്തം സോമൻ
പത്തനംതിട്ട ജില്ലയിലെ ഏതു പൊലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടാലും ജില്ലാ പൊലീസ് മേധാവിമാർ അടക്കമുള്ളവർ ആദ്യം അന്വേഷിക്കുക സോമനെയാകും. മരത്തിൽ തൂങ്ങിയാടുന്ന മൃതദേഹമായാലും, അഴുകി ദ്രവിച്ച് ആഴങ്ങളിലിരിക്കുന്നതായാലും നിമിഷ നേരം മതി സോമന് കരയ്ക്കെത്തിക്കാൻ.
ഏത് ആഴത്തിലും എത്രയും വേഗം മുങ്ങി മൃതദേഹം കണ്ടെത്തുന്ന സോമൻ നിർണ്ണായകമായ പല കേസുകളിലും പൊലീസിനു തെളിവ് ശേഖരിച്ചു നൽകിയിട്ടുമുണ്ട്. ഇത്തരം ഒരു ആത്മവിശ്വാസം തന്നെയാണ് സോമനെ കേരള പൊലീസിന്റെ പ്രിയങ്കരനാക്കി മാറ്റിയിരിക്കുന്നത്.
മേശപ്പുറത്ത് ഒരു ലക്ഷം രൂപ;
കണ്ണീരായി കൈക്കുഞ്ഞ്
അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പലപ്പോഴും നിർണ്ണായകമായ ഇടപെടലുകൾ സോമൻ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ സോമൻ നടത്തിയ ഇടപെടൽ പലപ്പോഴും പൊലീസിനെ സഹായിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് സോമൻ പലപ്പോഴും കണ്ണീരണിഞ്ഞ കാഴ്ചകൾ കാണാനിടയായത്. ആഴ്ചകൾക്ക് മുൻപ് തിരുവല്ലയിലെ ഒരു വീട്ടിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുടർന്നു, സോമൻ നടത്തിയ പരിശോധനയിൽ വീട്ടിൽ ഒരു ലക്ഷം രൂപ കണ്ടെത്തി. എന്നാൽ, സോമൻ ഈ പണം കൃത്യമായി പൊലീസിനെ തന്നെ അറിയിക്കുകയായിരുന്നു.
മറ്റൊരിയ്ക്കൽ മറ്റൊരു കുഞ്ഞിന്റെ മൃതദേഹം പ്രദേശത്തു നിന്നും കണ്ടെത്തിയത് സോമന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദുഖമായി മാറി.