കല്‍പ്പറ്റ: പുൽപ്പള്ളി പാതിരിയിൽ മകൻ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. മകൻ മെൽബിനെതിരെ പൊലീസിന് അമ്മ വത്സല മൊഴി നൽകിയില്ല. മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മെൽബിൻ ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് അമ്മ മൊഴി നൽകില്ലെന്ന് പൊലീസിനെ അറിയിച്ചത്. തനിക്ക് പരാതിയില്ലെന്ന് അമ്മ വത്സല അറിയിക്കുകയായിരുന്നു.
അമ്മ പരാതി ഇല്ലെന്ന് എഴുതി നൽകിയതായും അതിനാൽ കേസെടുത്തിട്ടില്ലെന്നും പുല്‍പ്പള്ളി പൊലീസ് അറിയിച്ചു. മർദ്ദനം ഏറ്റയാൾക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മെൽബിൻ സഹോദരൻ ആല്‍ബിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് വയനാട് പുല്‍പ്പള്ളി പാതിരിയിൽ മദ്യലഹിരിയിൽ മകൻ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ സംഭവം ഉണ്ടായത്. പ്രായമായ അമ്മയെ മകൻ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പാതിരി തുരുത്തിപ്പള്ളി തോമസിന്റെ ഭാര്യ വത്സല(51)യാണ് മക്കളുടെ ക്രൂരമര്‍ദനത്തിനിരയായത്.
കൈക്കുഞ്ഞിനെ ഒക്കത്തിരുത്തിയായിരുന്നു മെൽബിൻ അമ്മയെ തല്ലിയത്. അമ്മ വീടിന്‍റെ ശാപം എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ അയൽവാസികളാണ് മകൻ അമ്മയെ മർദ്ദിക്കുന്ന ദൃശ്യം പകർത്തിയത്. തുടര്‍ന്ന് അയൽക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വത്സലയുടെ മൊഴിയെടുത്തെങ്കിലും പരാതി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റിട്ടും പരാതി ഇല്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. മർദ്ദനവിവരം അന്വേഷിക്കാൻ പൊലീസ് എത്തിയതിന്‍റെ വൈരാഗ്യത്തിലും വീഡിയോ പുറത്ത് വന്നതിലും ഇന്നലെ രാത്രിയിലും മെൽബിൻ അമ്മയെ ഉപദ്രവിച്ചിരുന്നു.
അതേസമയം, മെൽബിനും സഹോദരൻ ആൽബിനും മാതാപിതാക്കളെ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരും പുൽപ്പള്ളിയിൽ സ്വകാര്യ ബസിലെ ജീവനക്കാരാണ്. മക്കളുടെ മർദ്ദനം ഭയന്ന് രാത്രി അടുത്ത വീട്ടിലെ തൊഴുത്തിലും ആട്ടിൻകൂട്ടിലും ആണ് മാതാപിതാക്കൾ കഴിയുന്നതെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ എസ്‍പിയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അമ്മയുടെ പിന്മാറ്റം.