മൈസൂരു: ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ(60)യാണ് മകൻ കൊലപ്പെടുത്തിയത്. മകൻ പാണ്ഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 26 ന് അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസ്റ്റ് മോർട്ടത്തിൽ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകിൽ നിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടർന്നുള്ള പൊലീസിന്റെ ചോദ്യംചെയ്യലിൽ പാണ്ഡു കുറ്റം സമ്മതിച്ചു. ഡിസംബർ 25 ന് അണ്ണപ്പയെ കൊലപ്പെടുത്തി മ്യതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് പാണ്ഡു അച്ഛന്റെ പേരിൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാൽ ഇരട്ടി നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.